ബെംഗളൂരു: അനിശ്ചിതത്വങ്ങള്‍ക്കും സുപ്രീം കോടതിയിലെ അസാധാരണ വാദ പ്രതിവാദങ്ങള്‍ക്കും ശേഷം കര്‍ണാടകത്തില്‍ യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 9 മണിക്ക് രാജ്ഭവനില്‍ ഗവര്‍ണര്‍ വാജുഭായ് വാലയ്ക്ക് മുന്നിലായിരുന്നു സത്യപ്രതിജ്ഞ.
കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യനീക്കത്തിനു പിന്നാലെ ബി.ജെ.പിയില്‍ പൊട്ടിത്തെറി
ഭൂരിപക്ഷം തെളിയിക്കുന്നതിന് ബിജെപിക്ക് 15 ദിവസത്തെ സമയവും ഗവര്‍ണര്‍ അനുവദിച്ചിട്ടുണ്ട്.104 സീറ്റുകള്‍ നേടിയ ബിജെപിക്ക് ഭൂരിപക്ഷത്തിന് വേണ്ട 112 എന്ന മാന്ത്രിക സംഖ്യ മറികടക്കുക എന്നത് വെല്ലുവിളിയാണങ്കിലും അമിത്ഷാ മാജിക് ഓപ്പറേഷന് താമരയിലൂടെ ഭാഗ്യസംഖ്യ മറികടക്കുെമന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.ഇതോടെ ചരടുവലികള്‍ക്കും ചാക്കിട്ടുപിടുത്തത്തിനും കര്‍ണാടക രാഷ്ട്രീയം വീണ്ടും സാക്ഷിയാകും.
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 117 എംഎല്‍എമാരുടെ പിന്തുണയുണ്ട്. ഇവരെ കൂട്ടത്തോടെ നേതൃത്വം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി കഴിഞ്ഞു.ഇതിലെത്രപേര്‍ ഓപ്പറേഷന് താമരയിലെത്തി എന്നറിയാന്‍ പതിനഞ്ചുനാള്‍ കാക്കണം. ഷായുടെ കരുനീക്കങ്ങളെ അതി ജീവിക്കുകയെന്നതാവും കോണ്‍ഗ്രസും ജെ.ഡി.എസും നേരിടുന്ന വലിയതലവേദന.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശം ഉന്നയിച്ച് സിദ്ധരാമയ്യയുടെയും എച്ച്.ഡി.കുമാരസ്വാമിയുടെയും നേതൃത്വത്തിലുള്ള ജെഡിഎസ് കോണ്‍ഗ്രസ് സംഘം ഗവര്‍ണറെ കണ്ട് എംഎല്‍എമാരുടെ പിന്തുണ അറിയിച്ചുള്ള കത്തുകള്‍ ഗവര്‍ണര്‍ വാജുഭായ് വാലയ്ക്കു കൈമാറിയിരുന്നു. നിയമവിദഗ്ധരുമായി ആലോചിച്ചശേഷം തീരുമാനമെടുക്കുമെന്നു ഗവര്‍ണര്‍ അറിയിച്ചിരുന്നു.
മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗിയുമായി നിയമവശങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷമാണ് ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ചത്. കോണ്‍ഗ്രസും ബിജെപിയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ചു സമീപിച്ചതോടെയാണു ഗവര്‍ണര്‍ നിയമോപദേശം തേടിയതും യെദിയൂരപ്പക്ക് അവസരം ലഭിച്ചതും..
ബിജെപിക്ക് അധികാരം പിടിക്കാന്‍ ഇനി എട്ട് എംഎല്‍എമാരുടെ പിന്തുണകൂടി വേണമെങ്കിലും അതിന് ഗവര്‍ണര്‍ അനുവദിച്ച സമയം തന്നെ രാഷ്ട്രീയ നിരീക്ഷകരെ പോലും അതിശയിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടക്കാനുള്ള രണ്ടിടങ്ങളില്‍ ബിജെപി വിജയിച്ചാലും കേവല ഭൂരിപക്ഷത്തിലെത്തില്ല. അതുകൊണ്ട് വരും ദിവസങ്ങളില്‍ ജെഡിഎസിലും കോണ്‍ഗ്രസിലും വിള്ളലുണ്ടാക്കാനുള്ള തീവ്രശ്രമത്തിലായിരിക്കും അവര്‍.
104 എംഎല്‍എമാരുടെയും ഒരു സ്വതന്ത്ര എംഎല്‍എയുടെയും പിന്തുണയാണ് ബിജെപിക്കുള്ളത്. 222 അംഗ നിയമസഭയില്‍ 113 സീറ്റാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്കു വേണ്ടത്. അതെ സമയം വെള്ളിയാഴ്ചത്തെ സുപ്രീംകോടതി കേസും കര്‍ണാടക രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാവും.