ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊേഗായിയെ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. കഴിഞ്ഞ നവംബറിലാണ് ചീഫ് ജസ്റ്റിസ് പദവിയില്‍നിന്ന് വിരമിച്ചത്. നാമനിര്‍ദേശം ചെയ്യപ്പെട്ട രാജ്യസഭാംഗം കെ.ടി.എസ്. തുളസി വിരമിച്ച ഒഴിവിലാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഗൊഗോയിയെ നാമനിര്‍ദേശം ചെയ്തതെന്ന് ആഭ്യന്തരമന്ത്രാലയത്തിെന്റ ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ നവംബറില്‍ ബാബരി ഭൂമി തര്‍ക്കകേസില്‍ വിധിപറഞ്ഞത് ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ്.
ശബരിമല സ്ത്രീപ്രവേശം, റഫാല്‍ യുദ്ധവിമാന ഇടപാട് തുടങ്ങിയ വിവാദ കേസുകളിലും വിധിപറഞ്ഞത് രഞ്ജന്‍ ഗൊഗോയി നേതൃത്വം നല്കിയ ബെഞ്ചായിരുന്നു. ഗൊഗോയ് അടക്കമുള്ള സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ അന്നത്തെ ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയത് വലിയ വിവാദമായിരുന്നു. കേസുകള്‍ വിഭജിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വാര്‍ത്താ സമ്മേളനം. അസം സ്വദേശിയാണ് ഗൊഗോയി. 2001ല്‍ ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ഗൊഗോയി പഞ്ചാബ്-ഹരിയാന ഹൈകോടതിയിലും ജഡ്ജിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2011-ല്‍ പഞ്ചാബ്-ഹരിയാന ഹൈകോടതിയുടെ ചീഫ് ജസ്റ്റിസായി. തൊട്ടടുത്തവര്‍ഷമാണ് സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചത്. 2019 നവംബര്‍ 17 നാണ് ഗൊഗോയി വിരമിച്ചത്.