കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി കര്‍ഷകര്‍. ഹരിയാനയിലെ വിവിധ ഇടങ്ങളില്‍ കര്‍ഷകര്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്തി. പ്രതിഷേധത്തിന്റെ ഭാഗമായി നരേന്ദ്രമോദിയുടെ കോലം കര്‍ഷകര്‍ കത്തിച്ചു. മറ്റന്നാള്‍ പഞ്ചാബില്‍ ട്രെയിന്‍ തടയും.
കേന്ദ്രസര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ വന്നതോടെയാണ് കര്‍ഷകര്‍ വീണ്ടും തെരുവിലേക്ക് ഇറങ്ങിയത്.101 കര്‍ഷകര്‍ അണിനിരന്നുള്ള ദില്ലി ചലോ മാര്‍ച്ച് ഹരിയാന പോലീസ് തടഞ്ഞതോടെയാണ് മറ്റു പ്രതിഷേധ മാര്‍ഗ്ഗങ്ങളിലേക്ക് കര്‍ഷകര്‍ കടന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ഹരിയാനയിലെ വിവിധ ഇടങ്ങളില്‍ കര്‍ഷകര്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്തി. അംബാലയില്‍ നിന്ന് വലിയ സംഘം കര്‍ഷകര്‍ പഞ്ചാബ് ഹരിയാന അതിര്‍ത്തിയായ ശംഭുവിലേക്കും മാര്‍ച്ച് നടത്തി.
സമാധാനപരമായിരുന്നു കര്‍ഷകരുടെ മാര്‍ച്ച്. കേന്ദ്രസര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് നരേന്ദ്രമോദിയുടെ കോലം കര്‍ഷകര്‍ കത്തിച്ചു.വരുന്ന ബുധനാഴ്ച പഞ്ചാബിനകത്ത് ട്രെയിന്‍ തടഞ്ഞു പ്രതിഷേധിക്കാനും കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകളും റെയില്‍ പാളങ്ങളും കേന്ദ്രീകരിച്ചായിരിക്കും ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്നു മണി വരെയുള്ള ട്രെയിന്‍ തടയല്‍ സമരം. ട്രെയിന്‍ തടയല്‍ പ്രതിഷേധത്തില്‍ നിന്ന് കര്‍ഷകര്‍ പിന്മാറണമെന്ന് ഹരിയാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.