ബീഫ് പാചകം ചെയ്തെന്നാരോപിച്ച് വിദ്യാർഥിക്കെതിരെ പരാതി. ഒഡീഷയിലെ പരാല മഹാരാജ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ നിന്ന് ഏഴ് വിദ്യാർത്ഥികളെ പുറത്താക്കി. പുറത്താക്കിയ വിദ്യാർത്ഥികളിൽ ഒരാൾക്ക് 2000 രൂപ പിഴയും വിധിച്ചു. സംഭവത്തെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുക്കുകയും അധികൃതരുടെ ആവശ്യപ്രകാരം കോളേജിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തു.
സെപ്റ്റംബർ 11ന് രാത്രിയിലാണ് സംഭവം ഉണ്ടായത്. ചില വിദ്യാർത്ഥികൾ ഹോസ്റ്റലിൽ ബീഫ് പാകം ചെയ്തു എന്നാരോപിച്ച് ഒരു കൂട്ടം വിദ്യാർത്ഥികൾ അധികൃതർക്ക് പരാതി നൽകുകയായിരുന്നു. ബീഫ് പാകം ചെയ്തത് പല വിദ്യാർത്ഥികൾക്കും അസ്വസ്ഥത ഉണ്ടാക്കിയെന്നും അതിനാൽ കർശന നടപടി എടുക്കണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം. ഇതിന് പിന്നാലെയാണ് ഏഴ് വിദ്യാർത്ഥികളെ പുറത്താക്കിക്കൊണ്ട് കോളേജ് അധികൃതർ ഉത്തറവിറക്കിയത്. ഹോസ്റ്റൽ ചട്ടങ്ങളും സ്ഥാപനത്തിൻ്റെ പെരുമാറ്റച്ചട്ടവും ലംഘിച്ചതിനാലാണ് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുത്തതെന്ന് കോളേജ് അധികൃതർ ഔദ്യോഗിക അറിയിപ്പിലൂടെ വ്യക്തമാക്കി.