ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കർണാടകയിൽ പെട്രോള്‍ – ഡീസല്‍ വില വർധനയുമായി സിദ്ധരാമയ്യ സര്‍ക്കാര്‍. വില്‍പ്പന നികുതി വർധിപ്പിച്ചതോടെ പെട്രോള്‍ ലിറ്ററിന് 3 രൂപയും ഡീസല്‍ ലിറ്ററിന് 3.02 രൂപയുമാണ് കൂടിയിരിക്കുന്നത്. സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിക്ക് പിന്നാലെ ജനങ്ങൾക്ക് കോൺഗ്രസ് സർക്കാർ നൽകിയ ഇരുട്ടടിയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 102.84 രൂപയാണ് പുതിയ നിരക്ക്. നേരത്തെ ഇത് 99.84 ആയിരുന്നു. ഡീസല്‍ നിരക്ക് 85.93 രൂപയില്‍ നിന്ന് 88.95 രൂപയായിട്ടാണ് ഉയര്‍ത്തിയത്. ക്ഷേമ പദ്ധതികൾക്കായി പണം കണ്ടെത്തുകയാണ് ലക്ഷ്യമെന്നാണ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം. വിൽപ്പന നികുതി വർധിപ്പിച്ചതോടെ പെട്രോൾ ലിറ്ററിന് മൂന്ന് രൂപയും ഡീസലിന് മൂന്ന് രൂപ അമ്പത് പൈസയുമാണ് വില ഉയർന്നത്.സംസ്ഥാനത്തിന് അധിക വരുമാനം ലക്ഷ്യമിട്ടാണ് കര്‍ണാടക സംസ്ഥാന ധനവകുപ്പിന്റെ നികുതി വർധിപ്പിക്കല്‍ നടപടിയുണ്ടായിരിക്കുന്നത്. പെട്രോള്‍ വില വർധനവോടെ അവശ്യ സാധനങ്ങളുടെ വിലയും കുതിച്ച് ഉയരുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.