ഉത്തര്‍പ്രദേശില്‍ വീണ്ടും വാഹനാപകടത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. യുപിയിലെ ഔറേയയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് 23 അതിഥി തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ രാജസ്ഥാനില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് ലോറിയില്‍ മടങ്ങുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്. ഇരുഭാഗത്ത് നിന്നും വളരെ വേഗത്തില്‍ വന്ന ലോറികള്‍ കൂട്ടിയിടിക്കുകയായിരുന്നു. ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചതെന്ന് ഔറേയ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അഭിഷേക് സിങ് പറഞ്ഞു.
കഴിഞ്ഞ ദിവസം യുപിയില്‍ ആറ് തൊഴിലാളികള്‍ ബസിടിച്ച് മരിച്ചിരുന്നു. അതിഥി തൊഴിലാളികള്‍ വാഹനാപകടങ്ങളില്‍ മരിക്കുന്ന വാര്‍ത്തകള്‍ നിത്യസംഭവമായി മാറിയിരിക്കുകയാണ്. തൊഴിലാളികള്‍ കാല്‍നടയായി സ്വദേശത്തേക്ക് മടങ്ങുന്നത് ഒഴിവാക്കണമെന്നും സംസ്ഥാന സര്‍ക്കാരുകള്‍ ഇത് തടയണമെന്നും ആഭ്യന്ത്രമന്ത്രാലയം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും രാജ്യത്തിന്റെ പലഭാഗത്തും കുടിയേറ്റ തൊഴിലാളികള്‍ കാല്‍നടയായും കിട്ടുന്ന സ്വകാര്യവാഹനങ്ങളിലുമായി പാലായനം തുടരുകയാണ്.