ഭോപാല്‍: ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യാത്തവരെ കരയിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മദ്ധ്യപ്രദേശിലെ മുന്‍മന്ത്രി. മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പിലേറ്റ തോല്‍വിക്ക് പിന്നാലെയാണ് തനിക്ക് വോട്ടുചെയ്യാതിരുന്നവരെ കരയിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബി.ജെ.പി നേതാവും ശിവരാജ് സിംഗ് ചൗഹാന് സര്‍ക്കാരില്‍ മന്ത്രിയുമായിരുന്ന അര്‍ച്ചന ചിത്നിസ് രംഗത്തെത്തിയത്.
ക്യാബിനറ്റ് മന്ത്രിയായിരുന്ന അര്‍ച്ചന ബുര്‍ഹാന്‍പൂര്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ താക്കൂര്‍ സുരേന്ദ്ര സിംഗിനോട് പരാജയപ്പെട്ടിരുന്നു. 5120 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുരേന്ദ്ര സിംഗ് അര്‍ച്ചന ചിത്നിസ് മന്ത്രിയെ തോല്‍പ്പിച്ചത്. മദ്ധ്യപ്രദേശില്‍ 15 വര്‍ഷം ഭരണത്തിലിരുന്ന ബി.ജെ.പി ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 109 സീറ്റില്‍ ഒതുങ്ങിയിരുന്നു.
‘എനിക്ക് വോട്ടു ചെയ്തവരുടെ തല താഴാന്‍ ഞാന്‍ അനുവദിക്കില്ല. എന്നാല്‍ അബദ്ധത്തിലോ മറ്റുള്ളവരുടെ പ്രേരണ കൊണ്ടോ സ്വന്തം തീരുമാനപ്രകാരമോ എനിക്ക് വോട്ടു ചെയ്യാതിരുന്നവരെ കരയിപ്പിച്ചില്ലെങ്കില്‍ എന്റെ പേര് അര്‍ച്ചന ചിത്നിസ് എന്നായിരിക്കില്ല’ ബി.ജെ.പി നേതാവ് പറഞ്ഞു.