ഉത്തർപ്രദേശിലെ മീററ്റിൽ കെട്ടിടം തകർന്നുവീണ് ഒരു കുടുംബത്തിലെ 10 പേർ മരിച്ചു. കുടുങ്ങിക്കിടന്ന നിരവധി പേരെ രക്ഷപ്പെടുത്തി. ഇനിയും ആളുകൾ കെട്ടിടത്തിനടിയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ദേശീയ ദുരന്തനിവാരണ സേന, അഗ്നിശമന സേന, പൊലീസ് സംഘങ്ങൾ സ്ഥലത്തുണ്ട്.മീററ്റിലെ സാകിർ നഗറിൽ ശനിയാഴ്ച വൈകുന്നേരം 5.15നാണ് അപകടം സംഭവിച്ചത്. ഇതേ കെട്ടിടത്തിൽ തന്നെ ഉടമ ഡയറി ഫാം നടത്തിയിരുന്നതായും രണ്ട് ഡസനിലധികം എരുമകൾ കൂടി കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയിട്ടുണ്ടെന്ന് അനുമാനിക്കുന്നതായി അധികൃതർ പറഞ്ഞു.
ഒന്നര വയസ്സുള്ള സിമ്ര, ആലിയ (6), റീസ (7), സാഖിബ് (11), സാനിയ (15) എന്നിവരുൾപ്പെടെ പ്രായപൂർത്തിയാകാത്ത അഞ്ച് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നുവെന്ന് ജില്ലാ ഭരണകൂടം പ്രസ്താവനയിൽ പറഞ്ഞു. സാജിദ് (40), നാഫോ (63), ഫർഹാന (20), അലിസ (18) എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു. അപകടത്തിൽ പരുക്കേറ്റവർ ലാലാ ലജ്പത് റായ് മെമ്മോറിയൽ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പ്രദേശത്തെ ഇടുങ്ങിയ വഴികൾ കാരണം ജെ.സി.ബി പോലുള്ള വാഹനങ്ങൾ എത്തിച്ച് കെട്ടിട അവശിഷ്ടങ്ങൾ നീക്കാൻ സാധിക്കാത്തത് പ്രധാന വെല്ലുവിളിയാണ്.