ഹൈദരാബാദിൽ ക്ഷേത്രത്തിനുള്ളിൽ ആസിഡ് ആക്രമണം. സൈയ്ദാബാദ് ഭൂലക്ഷ്മി മാതാ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരനെതിരെയാണ് ആക്രമണം ഉണ്ടായത്. ആസിഡ് ഒഴിച്ചത് തലയിൽ. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
ആക്രമണം നടത്തിയത് മുഖം മറച്ച് തൊപ്പിവെച്ചയാളെന്ന് പൊലീസ് അറിയിച്ചു. ഇയാൾ ഹാപ്പി ഹോളിയെന്ന് പറഞ്ഞതായി ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വെള്ളിയാഴ്ച രാത്രി സംഭവത്തിന്റെ സിസിടിവി ക്ലിപ്പ് വൈറലായതിനെത്തുടർന്ന്, ക്ഷേത്രത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കി. വെള്ളിയാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം നടന്നത്.
കസേരയിൽ ഇരിക്കുകയായിരുന്ന നർസിൻ റാവുവിന്റെ അടുത്തേക്ക് പ്രതി നടന്നു പോയി തലയിൽ ആസിഡ് ഒഴിച്ചു. കുറ്റകൃത്യം ചെയ്ത ശേഷം പ്രതി ബൈക്കിൽ രക്ഷപ്പെട്ടു. സമീപത്തുള്ള നാട്ടുകാർ റാവുവിനെ ആശുപത്രിയിൽ എത്തിക്കുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു.