ഹിസ്ബുള്‍ ഭീകരർക്കൊപ്പം അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ ദേവീന്ദർ സിംഗിനെ സർവ്വീസിൽ നിന്ന് പുറത്താക്കണമെന്ന് ജമ്മു കശ്മീർ പൊലീസ്. ആവശ്യമുന്നയിച്ച് ജമ്മു കശ്മീർ പൊലീസ് വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതി. ദേവീന്ദർ സിംഗിന്റെ തീവ്രവാദ ബന്ധങ്ങൾ വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്.
ദില്ലി: ഹിസ്ബുള്‍ ഭീകരർക്കൊപ്പം അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ ദേവീന്ദർ സിംഗിനെ സർവ്വീസിൽ നിന്ന് പുറത്താക്കണമെന്ന് ജമ്മു കശ്മീർ പൊലീസ്. ആവശ്യമുന്നയിച്ച് ജമ്മു കശ്മീർ പൊലീസ് വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതി. ദേവീന്ദർ സിംഗിന്റെ തീവ്രവാദ ബന്ധങ്ങൾ വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്.
ഡിഎസ്പിക്കൊപ്പം സഞ്ചരിച്ച തീവ്രവാദികൾ റിപ്പബ്ലിക് ദിനത്തിൽ ദില്ലിയിൽ ആക്രമണം ആസൂത്രണം ചെയ്തിരുന്നതായി ഇന്റലിജൻസ് വൃത്തങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തീവ്രവാദികളെ ദില്ലിയിൽ എത്തിക്കുന്നതിന് 12 ലക്ഷം രൂപ കൈപ്പറ്റിയതായി ചോദ്യം ചെയ്യലിൽ ദേവീന്ദർ സിംഗ് സമ്മതിച്ചതായും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.
ദേവീന്ദർ സിംഗിന് ലഭിച്ച മെഡലുകൾ തിരിച്ചെടുക്കാനും ശുപാർശയുണ്ട്. അതേസമയം ദേവീന്ദർ സിംഗിന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചിട്ടില്ലെന്ന് ജമ്മു കശ്മീർ ഡിജിപി ദിൽബഗ് സിങ്ങ് വ്യക്തമാക്കി. ഡിഎസ്പി റാങ്കിലുള്ള ദേവീന്ദർ സിംഗിന്റെ സ്ഥാനക്കയറ്റത്തിനായുള്ള നടപടികൾ മരവിപ്പിച്ചതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച ഹിസ്ബുൽ ഭീകരർക്കൊപ്പം ദില്ലിയിലേക്കുള്ള കാർ യാത്രക്കിടെയാണ് ദേവീന്ദർ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തത്.