ന്യൂഡല്‍ഹി: പുരാന നങ്കലിലെ ഒന്‍പതുവയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. ബലാത്സംഗം ചെയ്ത് കൊന്നതാണെന്നാണ് പ്രതികളുടെ മൊഴി. കേസില്‍ നാല് പേരാണ് അറസ്റ്റിലായത്. ഇതില്‍ രണ്ടുപ്രതികളാണ് കുറ്റം സമ്മതിച്ചതെന്ന് പൊലീസ് അറിയിച്ചു. ബലാത്സംഗത്തിനും കൊലപാതകത്തിനും തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
പുരാന നങ്കലിലെ ശ്മശാനത്തിന് സമീപത്ത് താമസിക്കുന്ന ഒന്‍പതുവയസുകാരിയാണ് കൊല്ലപ്പെട്ടത്. ശ്മശാനത്തിലെ കൂളറില്‍ നിന്ന് വെള്ളം കൊണ്ടുവരാനായി പോയ പെണ്‍കുട്ടി മടങ്ങിയെത്താതായതോടെ വീട്ടുകാര്‍ അന്വേഷിച്ച് എത്തിയപ്പോഴായിരുന്നു കൊലപാതക വിവരം അറിഞ്ഞത്. കൂളറില്‍ നിന്ന് വെള്ളം കുടിക്കുമ്പോള്‍ വൈദ്യുതാഘാതമേറ്റതാണെന്നായിരുന്നു പൂജാരിയായ പ്രതി പറഞ്ഞത്.
കുട്ടിയുടെ കൈത്തണ്ടയിലും കൈമുട്ടിലും പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നു. ബന്ധുക്കളുടെ അനുവാദമില്ലാതെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ശ്മശാനത്തിലെ പൂജാരി ഉള്‍പ്പടെയുള്ള നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.