കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് 6 വയസ്. മലയാളി സൈനികന് വി വി വസന്തകുമാര്‍ ഉള്‍പ്പെടെ നാല്‍പ്പത് സിആര്‍പിഎഫ് സൈനികരുടെ ജീവനെടുത്ത ചാവേര്‍ സ്ഫോടനം ഇന്നും നടുക്കുന്ന ഓര്‍മയാണ്. 2019 ഫെബ്രുവരി 14-ന് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സി.ആര്.പി.എഫ്. ജവാന്മാര് സഞ്ചരിച്ച വാഹനത്തിന് നേരേയായിരുന്നു ഭീകരാക്രമണം. വാഹനവ്യൂഹം പുല്‍വാമ ജില്ലയിലെ അവന്തിപ്പോരയ്ക്ക് സമീപത്തെത്തിയപ്പോള്‍ 100 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ നിറച്ച സ്കോര്‍പ്പിയോ വാന്‍ ചാവേര്‍ ഭീകരന് ഈ വാഹനങ്ങളുടെ ഇടയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.
76-ാം നമ്പര്‍ ബറ്റാലിയന്റെ ബസില്‍ ഉണ്ടായിരുന്ന 40 സൈനികര്‍ക്ക് വീരമൃത്യു വരിച്ചു. പിന്നാലെ വന്ന ബസുകളില്‍ ഉണ്ടായിരുന്ന സൈനികരില്‍ പലര്‍ക്കും ഗുരുതര പരുക്കേറ്റു. പാകിസ്താന് കേന്ദ്രമാക്കിയ ഭീകരസംഘടന ജെയ്ഷെ മുഹമ്മദ് ആയിരുന്നു ചാവേര്‍ സ്ഫോടനത്തിന് പിന്നില്‍. പുല്‍വാമ സ്വദേശി ആദില്‍ അഹമ്മദായിരുന്നു ചാവേര്‍.
ആക്രമണത്തിന്റെ 12-ാം ദിനം ഇന്ത്യ തിരിച്ചടിച്ചു. ഫെബ്രുവരി 26ന് പുലര്‍ച്ചെ, ഇന്ത്യന്‍ വ്യോമസേനയുടെ ജെറ്റുകള്‍ പാകിസ്താനിലെ ഖൈബര്‍ പ്രവിശ്യയില്‍ പറന്നെത്തി. ബാലാകോട്ട് ജയ്ഷെ മുഹമ്മദ് ക്യാമ്പില്‍ പ്രത്യാക്രമണം നടത്തി.
ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ഉള്‍പ്പെടെ 19 പേര്‍ക്കെതിരെ 2020 ഓഗസ്റ്റില്‍ എന്‍ഐഎ 13,500 പേജുള്ള കുറ്റപത്രം പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. മസൂദ് അസ്ഹറിനെ യുഎന്‍ രക്ഷാസമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചു.