മുംബൈ: മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. നിയമത്തിനെതിരെ മുംബൈയിൽ നിശ്ചയിച്ചിരുന്ന ലോങ്ങ് മാർച്ചിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്.
മുംബൈയിൽ വച്ചാണ് ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. പ്രതിഷേധം തുടങ്ങും മുൻപേ കണ്ണൻ ഗോപിനാഥനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു.
കശ്മീരിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് ഇദ്ദേഹം ഐഎഎസ് ജോലി രാജിവച്ചത്. രാജ്യത്ത് നടക്കുന്നത് തെറ്റാണെന്ന് തോന്നിയിട്ടും മൗനം പാലിക്കാത്തവർ രാജ്യദ്രോഹികളാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം സർക്കാരിനുണ്ടെന്നും എന്നാൽ അവയ്ക്കെതിരെ പ്രതികരിക്കാനുള്ള അവകാശം നിഷേധിക്കാൻ സർക്കാരിനാകില്ലെന്നും കണ്ണൻ ഗോപിനാഥൻ അന്ന് പറഞ്ഞിരുന്നു.