ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയ പരിധി നിശ്ചയിച്ച സുപ്രിംകോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ പുനപരിശോധന ഹർജി നൽകിയേക്കും. സമയപരിധി ഉത്തരവ് പുനപരിശോധിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. തുടർ സാധ്യതകൾ തേടാൻ ആഭ്യന്തരമന്ത്രാലയം നീക്കങ്ങൾ ആരംഭിച്ചു.
സമയപരിധി നിശ്ചയിച്ചത് പുനപരിശോധിക്കണമെന്നും കേന്ദ്രത്തിന്റെ വാദങ്ങൾ പരിഗണിക്കപ്പെട്ടില്ലെന്നാണ് സർക്കാരിന്റെ വാദം. വിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരായ ജെബി പർദിവാല, ആർ മഹാദേവൻ എന്നിവരുടെ ബഞ്ചിന് മുൻപാകെയാകും കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി നൽകുക.
പരമാവധി മൂന്ന് മാസമാണ് ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സുപ്രിംകോടതി അനുവദിച്ചത്. രാഷ്ട്രപതിക്കും സമ്പൂർണ വീറ്റോ അധികാരം ഇല്ലെന്നും പിടിച്ചുവെക്കുന്ന ബില്ലുകളിൽ വ്യക്തമായ കാരണം വേണമെന്നും സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രപതി ബില്ലിന് അനുമതി നിഷേധിച്ചാൽ സംസ്ഥാന സർക്കാരിന് സുപ്രിംകോടതിയിൽ ചോദ്യംചെയ്യാമെന്നും കോടതി ഉത്തരവിട്ടു.