ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാനെ വിമര്‍ശിച്ച് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്. പാക് അധീന കാഷ്മീരില്‍ വിമാനം തകര്ന്നിറങ്ങിയ പാക് വൈമാനികനെ ഇന്ത്യന്‍ വൈമാനികനെന്നു തെറ്റിദ്ധരിച്ച് ജനക്കൂട്ടം തല്ലിക്കൊന്നു എന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലായിരുന്നു പ്രതിരോധമന്ത്രിയുടെ പാക് വിമര്‍ശനം.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ താന്‍ ആശ്രയിക്കുന്നില്ലെന്നും എന്നാല്‍ ഈ വാര്‍ത്തയില്‍ പറയുന്ന ഒരു പാക് വൈമാനികനെക്കുറിച്ച് എന്തുകൊണ്ടാണ് പാകിസ്ഥാന് പ്രതികരിക്കാത്തതെന്നും പ്രതിരോധമന്ത്രി ചോദിച്ചു. ആ പാക് വൈമാനികന് രക്ഷപ്പെട്ടെന്ന് താന്‍ കരുതുന്നില്ലെന്നും പ്രതിരോധമന്ത്രി പറഞ്ഞു. കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ സൈനികര്‍ വധിച്ച പാകിസ്ഥാന് സൈനികര്‍ തങ്ങളുടേതാണെന്നു സമ്മതിക്കാന്‍ പാക്കിസ്ഥാന് മടിച്ചെന്നും നിര്‍മല സീതാരാമന് കുറ്റപ്പെടുത്തി.
ബാലക്കോട്ട് വ്യോമാക്രമണത്തിനുശേഷമാണ് പാക് അധീന കാഷ്മീരില്‍ ഇറങ്ങിയ പാക് വൈമാനികനെ ഇന്ത്യക്കാരനെന്നു തെറ്റിദ്ധരിച്ചു തല്ലിക്കൊന്നു എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചത്. ലണ്ടനിലെ അഭിഭാഷകനായ ഖാലിദ് ഉമര്‍ എന്നയാളുടെ ഫേസ്ബുക്ക് കുറിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു വാര്‍ത്ത. പൈലറ്റിന്റെ ബന്ധുക്കളില്‍നിന്നും വ്യോമസേനാ കേന്ദ്രങ്ങളില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തലെന്നാണ് ഖാലിദ് ഉമര്‍ അവകാശപ്പെട്ടത്.