ദില്ലി: മഹാരാഷ്ട്രയിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയതിനെതിരെ ശിവസേന നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിച്ചില്ല. ഇന്ന് തന്നെ കേസ് പരിഗണിക്കണമെന്നാണ് ഗവർണർക്കെതിരെ ഹർജി നൽകിയ ശിവസേന സുപ്രീംകോടതി റജിസ്ട്രിയോട് ആവശ്യപ്പെട്ടതെങ്കിലും ഹർജിയിൽ ചില പിഴവുകളുണ്ടെന്ന് റജിസ്ട്രി ചൂണ്ടിക്കാട്ടുകയായിരുന്നു. ഇതോടെ വലിയ നിയമപോരാട്ടത്തിലേക്ക് നീങ്ങുകയാണ് സംസ്ഥാനത്തെ ഭരണപ്രതിസന്ധി. ശിവസേനയ്ക്കായി കപിൽ സിബൽ ആണ് വാദിക്കുന്നത്.
പിഴവുകൾ തിരുത്തി നാളെത്തന്നെ ശിവസേന പുതിയ ഹർജി നൽകും. സർക്കാർ രൂപീകരണത്തിന് സമയം നൽകാത്തതിനെതിരെയായിരുന്നു ഈ ഹർജി. രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചതിന് ഗവർണർക്കെതിരെ മറ്റൊരു ഹർജിയും സേന നൽകും.
സർക്കാർ രൂപീകരണത്തെക്കുറിച്ച് അറിയിക്കാൻ മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി രാത്രി എട്ടര വരെയാണ് എൻസിപിക്ക് സമയം നല്കിയത്. എന്നാൽ അതുവരെ കാത്തുനിൽക്കാതെയുള്ള ചടുല നീക്കങ്ങളാണ് ദില്ലിയിലും മഹാരാഷ്ട രാജ്ഭവനും കേന്ദ്രീകരിച്ച് നടന്നത്. ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ ഗവർണർ കേന്ദ്രത്തിന് റിപ്പോർട്ട് കൈമാറി. സർക്കാർ രൂപീകരിക്കാൻ ആർക്കും കഴിയില്ലെന്ന് ബോധ്യമായി. സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയുണ്ട്. കുതിരക്കച്ചവടത്തിന് സാധ്യതയുണ്ടെന്ന പരാതികളുമുണ്ട്. എൻസിപിയും മൂന്നു ദിവസത്തെ സമയം കൂടി ചോദിച്ചു. ഈ സാഹചര്യത്തിൽ നിയമസഭ മരവിപ്പിച്ച് രാഷ്ട്രപതിഭരണം പ്രഖ്യാപിക്കണമെന്നായിരുന്നു ഗവർണറുടെ ശുപാർശ.