ലഖ്നൗ: ദലിത് വിദ്യാര്‍ത്ഥിനിയെ കോളേജിന്റെ ശുചിമുറിയില്‍ കയറ്റിയില്ലെന്ന് ആരോപണം. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ കീഴിലുള്ള വിമന്‍സ് കോളേജിലെ ടോയ്ലറ്റ് ഉപയോഗിക്കുന്നതില്‍ നിന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയെ വിലക്കിയതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ഈ കോളേജിലെ ആര്‍ട്സ് വിഭാഗത്തിലാണ് പെണ്‍കുട്ടി പഠിക്കുന്നത്.
കോളേജിന് പുറത്തുള്ള ഹെല്‍പ്പ് ഡെസ്കില്‍ ഇരിക്കുകയായിരുന്നു വിദ്യാര്‍ത്ഥിനി. ശുചിമുറി ഉപയോഗിക്കാനായി കോളേജിനുള്ളിലേക്ക് പ്രവേശിച്ച പെണ്‍കുട്ടിയെ സെക്യൂരിറ്റി ഉദ്യോഗസ്ഥന് തടഞ്ഞതായാണ് ആരോപണം. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടി പ്രിന്‍സിപ്പാളിനെയും വൈസ് ചാന്‍സലറെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥനെയും ഉള്‍പ്പെടെ പ്രതിഷേധം അറിയിച്ചിരുന്നു.
ഇതേ കോളേജിലെ വിദ്യാര്‍ത്ഥിയാണെന്ന് പറഞ്ഞതിനുശേഷവും തന്നെ ശുചിമുറിയിലേക്ക് കടത്തി വിട്ടില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. ദലിത് വിദ്യാര്‍ത്ഥിനിയോടുള്ള വിവേചനത്തില്‍ കോളേജിലെ നിരവധി വിദ്യാര്‍ത്ഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.