പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആറു സംസ്ഥാനങ്ങള്‍ കഴിഞ്ഞ ദിവസം നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനാല്‍ തന്നെ ലോക്ക് ഡൗണ്‍ നീട്ടുന്നതിനെ സംബന്ധിച്ചുള്ള പ്രഖ്യാപനമായിരിക്കാം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്താന്‍ ഉദേശിക്കുന്നത്.
ലോക്ക് ഡൗണ്‍ ജൂണ്‍വരെ നീട്ടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്ക് ഡൗണ്‍ നീട്ടിയാലും വിവിധ സംസ്ഥാനങ്ങള്‍ക്ക് അവശ്യമായ ഇളവുകള്‍ അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും കേന്ദ്രം പറയാനിടയുണ്ട്. ഇളവുകള്‍ കൂടിയുള്ള ലോക്ക് ഡൗണ്‍ ആകും ഇനി വരുന്നതെന്നാണ് സൂചന.
രാജ്യം ലോക്ക് ഡൗണിലായിട്ട് ഏകദേശം രണ്ടു മാസത്തോട് അടുത്തിരിക്കുകയാണ്. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ സമ്പൂര്‍ണ്ണ അടച്ച് പൂട്ടല്‍ ഇനി ഉണ്ടാകില്ലെന്നാണ് സൂചന. അന്തര്‍സംസ്ഥാന ഗതാഗതം കര്‍ശനമായി തന്നെ നിയന്ത്രിക്കും. അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമേ യാത്ര അനുവദിക്കുകയുളളൂ. സ്കൂളുകളും കോളേജുകളും ആരാധനാലയങ്ങളും അടഞ്ഞ് കിടക്കാന്‍ തന്നെയാണ് സാധ്യത. സാമൂഹിക അകലം പാലിച്ച് കൊണ്ട് മാത്രമായിരിക്കും പ്രവര്‍ത്തനം അനുവദിക്കുക.