ന്യൂഡല്‍ഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ കെ. ബാബുവിന് തിരിച്ചടി. കെ ബാബു നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.
കെ ബാബുവിന്റെ വിജയം ചോദ്യം ചെയ്ത് എം സ്വരാജ് നല്കിയ ഹർജി നിലനില്‍ക്കുമെന്ന് കോടതി നിരീക്ഷിച്ചു. ബാബുവിന് എതിരായ തെരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതിയിലെ നടപടികള്‍ തുടരാന്‍ സുപ്രീം കോടതി അനുമതി നല്കി.
സ്വരാജ് നല്കിയ ഹര്‍ജി നിലനില്‍ക്കുമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെയാണ് കെ.ബാബു സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർഥിയായ കെ. ബാബു മതചിഹ്നങ്ങള്‍ ഉപയോഗിച്ച് പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർഥിയായിരുന്ന എം. സ്വരാജാണ് കേസ് നല്‍കിയത്.
ശബരിമല സ്ത്രീപ്രവേശന വിവാദത്തെത്തുടർന്ന് അയ്യപ്പന്റെ ചിത്രമുള്ള വോട്ടേഴ്സ് സ്ലിപ് ബാബു വിതരണം ചെയ്തെന്ന ആരോപണം ഉയര്‍ത്തിയാണ് സ്വരാജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ കൃത്രിമമായ രേഖകളാണ് സ്വരാജ് കോടതിയില്‍ നല്‍കിയതെന്നാണ് ബാബുവിന്റെ വാദം.