പട്ന: ബിഹാറില്‍ കാമുകന് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. ബിഹാറിലെ ബേട്ടിയ ജില്ലയിലാണ് ഇന്നലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാമുകന് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടി പട്നയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. പെണ്‍കുട്ടി ഒരു മാസം ഗര്‍ഭിണിയായിരുന്നു. ശരീരത്തില്‍ 80 ശതമാനത്തിലേറെ പൊള്ളലേറ്റ അവസ്ഥയിലാണ് പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി പട്നയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. പ്രതിയെ ഇന്നലെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രത്യേക സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.
പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്കി കാമുകന് പെണ്‍കുട്ടിയെ വഞ്ചിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ഇയാള്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. പിന്നീട് സുഹൃത്തുക്കളുമായി ചേര്‍ന്ന് കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇന്നലെ പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കുള്ളപ്പോഴാണ് പ്രതിയും സുഹൃത്തുക്കളും സംഘമായെത്തി ആക്രമണം നടത്തിയത്. പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.