വിവാഹ തട്ടിപ്പ് നടത്തി വരന്റെ പണവും സ്വർണവുമായി മുങ്ങുന്ന സംഘം പിടിയിൽ. മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് അറസ്റ്റിലായത്. വർഷ (27), രേഖ ശർമ (40), ബസന്തി എന്ന സുനിത (45), വിജയ് കതാരിയ (55) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാല് പേരും ഇൻഡോറിൽ നിന്നുള്ളവരാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രാജേഷ് ദണ്ഡോതിയ പറഞ്ഞു.
സംഘം ആസൂത്രണം ചെയ്തതാണു തട്ടിപ്പെന്ന് പൊലീസ് പറഞ്ഞു. 27കാരിയായ വർഷയാണ് ഈ സംഘത്തിലെ സ്ഥിരം വധു. ഈ ടീമിലെ മറ്റ് മൂന്ന് പേർ വർഷയുടെ ബന്ധുക്കൾക്കൊപ്പം അഭിനയിക്കും. പേര് ഉള്‍പ്പെടെ മാറ്റിപ്പറഞ്ഞാണ് വിവാഹം നടത്തിയത്. മഹാരാഷ്ട്ര, രാജസ്ഥാൻ സ്വദേശികളായ പുരുഷന്മാരെ വിവാഹം ചെയ്ത് വൈകാതെ വരന്റെ പക്കൽ നിന്ന് പണവും സ്വർണവുമായി മുങ്ങിയ കേസിലാണ് നാല് പേരെയും അറസ്റ്റ് ചെയ്തത്.
പ്രാഥമിക അന്വേഷണത്തിൽ സമാനമായ മറ്റ് തട്ടിപ്പ് സംഘങ്ങൾ ഉണ്ടെന്നും തുടർ അന്വേഷണത്തിൽ വ്യക്തത വരുമെന്നും പൊലീസ് അറിയിച്ചു.