ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ തള്ളിയ ജഡ്ജി ഉള്‍പ്പടെ നാല് ഹൈക്കോടതികളിലെ 12 ജഡ്ജിമാര്‍ക്ക് സ്ഥലം മാറ്റം. അപകീര്‍ത്തി കേസിലെ ശിക്ഷാവിധി ശരിവച്ച ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹേമന്ത് എം പ്രാച്ഛകിനെ പട്നയിലേക്ക് മാറ്റി. രാഹുലിന്റെ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് ആദ്യം പിന്മാറിയ ജസ്റ്റിസ് ഗീത ഗോപിയെ മദ്രാസ് ഹൈക്കോടതിയിലേക്കാണ് മാറ്റിയത്.
എഫ്ഐആര്‍ റദ്ദാക്കണമെന്ന ടീസ്ത സെതല്‍വാദിന്റെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയ സമിര്‍ ജെ ദവെയാണ് ഗുജറാത്തില്‍ നിന്ന് സ്ഥലം മാറ്റം നേടിയ മറ്റൊരു ജഡ്ജി. പഞ്ചാബ് & ഹരിയാന ഹൈക്കോടതിയിലെ നാലും കല്‍ക്കട്ട ഹൈക്കോടതിയിലെ മൂന്നും ജഡ്ജിമാര്‍ക്ക് സ്ഥാനചലനമുണ്ട്. അലഹബാദ് ഹൈക്കോടതിയിലെ ഒരു ജഡ്ജിയെയും സ്ഥലം മാറ്റി. ഇതിനായുള്ള ശുപാര്‍ശ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളിജിയം പ്രസിഡന്റിന് കൈമാറി.