ഡല്‍ഹി: ടാറ്റയിലേക്ക് തിരികെയെത്തിയ എയര്‍ ഇന്ത്യ പുതിയ ലോഗയിലേക്ക് മാറി. ചുവപ്പ്, പര്‍പ്പിള്‍, ഗോള്‍ഡ് നിറങ്ങളിലാണ് പുതിയ ഡിസൈന്‍. അശോക ചക്രത്തോട് സാമ്യമുള്ള പഴയ ലോഗോ ഇനി ഉണ്ടാകില്ല. ദ വിസ്ത എന്നാണ് പുതിയ ലോഗോയുടെ പേര്. ഉയര്‍ന്ന സാധ്യതകള്‍, പുരോഗതി, ഭാവിയിലേയ്ക്കുള്ള ആത്മവിശ്വാസം തുടങ്ങിയവയാണ് ലോഗോ രൂപകല്‍പ്പനയിലേക്ക് നയിച്ചതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. ചരിത്രത്തില്‍ അടയാളപ്പെടുത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ ഇനി വിസ്ത ലോഗോ പ്രത്യക്ഷപ്പെടുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ഒരു കാലത്ത് ഇന്ത്യയുടെ ഔദ്യോഗിക വിമാന ദാതാവായിരുന്നു എയര്‍ ഇന്ത്യ. ടാറ്റ തുടങ്ങിവെച്ച വിമാന സംരംഭം പിന്നീട് സര്‍ക്കാര്‍ ഏറ്റെടുത്തു. 1932ല്‍ ആദ്യമായി പറന്ന എയര്‍ ഇന്ത്യ 1948ലാണ് സര്‍ക്കാരിന്റെ കൈകളിലേക്ക് എത്തുന്നത്. പിന്നീട് നഷ്ടത്തിലായ എയര്‍ ഇന്ത്യ ടാറ്റയുടെ കൈകളിലേക്ക് തന്നെ തിരികയെത്തി. നഷ്ടത്തെ തുടര്‍ന്ന് 2021 ലാണ് ടാറ്റ വീണ്ടും എയര്‍ ഇന്ത്യ ഏറ്റെടുത്തത്.
2023 ഡിസംബര്‍ മുതലാണ് പുതിയ ലോഗോ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ പ്രത്യക്ഷപ്പെടുക. എയര്‍ ഇന്ത്യയുടെ ആദ്യ എയര്‍ബസ് എ350 യിലാണ് ലോഗോ ആദ്യമായി ചിത്രീകരിക്കുക. പുതിയ ബ്രാന്‍ഡിലൂടെ യാത്രക്കാര്‍ക്ക് മികച്ച സേവനം നല്കുന്ന ഒരു ലോകോത്തര വിമാനക്കമ്പനിയായി എയര്‍ ഇന്ത്യയെ മാറ്റാന്‍ സാധിക്കുമെന്ന് അധികൃതര്‍ പ്രതീക്ഷ പ്രകടപ്പിച്ചു. പുതിയ എയര്‍ ഇന്ത്യ ഊര്‍ജ്ജസ്വലവും ആത്മവിശ്വാസത്തിലൂന്നിയതാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.