ന്യൂഡല്‍ഹി: മൂന്നാം തവണയും ആം ആദ്മിയില്‍ വിശ്വസമര്‍പ്പിച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് അരവിന്ദ് കെജ്രിവാള്. തിരഞ്ഞെടുപ്പിലുണ്ടാക്കിയ വന്‍ മുന്നേറ്റത്തിനു പിന്നാലെ ഡല്‍ഹിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നും അദ്ദേഹം. ദില്ലിയിലെ ജനങ്ങളോട് ഐ ലവ് യൂ എന്ന് പറഞ്ഞുകൊണ്ടാണ് കെജ്രിവാള് സംസാരിച്ചു തുടങ്ങിയത്.
‘ഇത് എന്നെ മകനായി കണക്കാക്കിയവരുടെ വിജയമാണ്. ഡല്‍ഹിക്കാരുടെ മാത്ര വിജയമല്ല ഇന്ത്യക്കാരുടെ മുഴുവന്‍ വിജയമാണ് ഇത്. ഡല്‍ഹിയിലെ ജനങ്ങളെ ഭഗവാന് ഹനുമാന് അനുഗ്രഹിച്ചു. ജനങ്ങള്‍ വോട്ട് ചെയ്തത് വികസനത്തിന് വേണ്ടിയാണ്. തിരഞ്ഞെടുപ്പ് വിജയത്തിലൂടെ രാജ്യത്ത് പുതിയൊരു രാഷ്ട്രീയത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്, അത് വാഗ്ദാനങ്ങളുടേതല്ല, പ്രവൃത്തിയുടെ രാഷ്ട്രീയമാണെന്നും’ കെജ്രിവാള് പറഞ്ഞു. ജന്തര്‍മന്തറിലേക്ക് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ നടക്കുന്ന റോഡ് ഷോ ഉടന്‍ ആരംഭിക്കും. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാല്‍ ജന്തര്‍മന്തറിലെ ഹനുമാന് ക്ഷേത്രം സന്ദര്‍ശിക്കുമെന്ന് കെജ്രിവാള് നേരത്തെ പറഞ്ഞിരുന്നു.