ന്യൂഡൽഹി: ഇൻഡ്യ സഖ്യത്തിന്റെ നേതൃസ്ഥാനത്തെച്ചൊല്ലി സഖ്യകക്ഷികൾ തമ്മിലുളള ഭിന്നത അതിരൂക്ഷം. അവസരം ലഭിച്ചാൽ ഇൻഡ്യ സഖ്യത്തെ നയിക്കാൻ താൻ തയ്യാറെന്ന മമതയുടെ പ്രസ്താവനയെ പിന്തുണച്ച് ലാലു പ്രസാദ് യാദവും രംഗത്തെത്തി. ഇന്ത്യ സഖ്യത്തെ മമത നയിക്കണമെന്ന് പറഞ്ഞ ലാലു യാദവ് കോൺഗ്രസിന്റെ എതിർപ്പിന് പ്രസക്തയില്ലെന്നും കൂട്ടിച്ചേർത്തു.
മമതയെ ഇന്ത്യ സഖ്യത്തിന്റെ നേതാവാക്കണമെന്ന ആവശ്യവുമായി ഞായറാഴ്ച തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. പാർട്ടി എംപിയായ കീർത്തി ആസാദാണ് ആവശ്യം ഉന്നയിച്ചത്. ആ ജോലി ചെയ്യാൻ ഏറ്റവും അനുയോജ്യം മമതയാണെന്നായിരുന്നു പരാമർശം. മമതയ്ക്കു വഴങ്ങേണ്ട എന്നാണ് കോൺഗ്രസ് നിലപാട്. വിഷയത്തിൽ മമതയെ പിന്തുണച്ച് ലാലു രംഗത്തെത്തിയത് സഖ്യത്തിനുള്ളിൽ വിള്ളൽ വീഴ്ത്തുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
നേരത്തെ മമതയെ പിന്തുണച്ച് എൻസിപി നേതാക്കളായ ശരദ് പവാറും, സുപ്രിയ സുലെയും രംഗത്തുവന്നിരുന്നു. മമത വന്നാൽ തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുമെന്നും ഞങ്ങൾ എല്ലാവരും സന്തോഷത്തിലായിരിക്കുമെന്നും സുപ്രിയ സുലെ എഎൻഐയോട് പറഞ്ഞിരുന്നു. ബംഗാളിൽ ബിജെപിയെ തുരത്തിയും, വിവിധ ജനക്ഷേമ പദ്ധതികൾ അവതരിപ്പിച്ചും മമത മികച്ച ഭരണമാണ് കാഴ്ചവെക്കുന്നത്. സഖ്യത്തിന്റെ യോഗത്തിൽ ഇക്കാര്യം അവതരിപ്പിക്കുമെന്നും മുതിർന്ന നേതാക്കൾ ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കുമെന്നും സുപ്രിയ സുലെ പറഞ്ഞിരുന്നു. ഇവർക്ക് പുറകെയാണ് ഇപ്പോൾ ലാലു പ്രസാദ് യാദവും രംഗത്തുവന്നിരിക്കുന്നത്.