ഭട്ടിൻഖേഡ: ഉന്നാവിൽ ബലാത്സംഗക്കേസ് പ്രതികൾ തന്നെ തീ കൊളുത്തി കൊന്ന ഉന്നാവിലെ യുവതിയ്ക്ക് സ്മാരകമുണ്ടാക്കാൻ യുപി സർക്കാർ. ഇതിന് വേണ്ട നിർമാണസാമഗ്രികളും മറ്റും പൊലീസടക്കമുള്ളവർ സ്ഥലത്ത് കൊണ്ടുവന്ന് ഇറക്കി. ഇതറിഞ്ഞ കുടുംബം എത്തി നിർമാണം തടഞ്ഞു. ആദ്യം നീതി തരൂ, എന്നിട്ട് മതി സ്മാരകമെന്ന് യുവതിയുടെ സഹോദരി പൊട്ടിത്തെറിച്ചു.
യുവതിയുടെ സംസ്കാരച്ചടങ്ങുകൾ നടന്ന ഭട്ടിൻഖേഡയിലെ സ്മാരകത്തിൽ തന്നെയാണ് കട്ടകളും കോൺക്രീറ്റും ചെയ്ത് സ്മാരകമുണ്ടാക്കാൻ യു പി സർക്കാർ തീരുമാനിച്ചത്. ”ഇതെന്ത് പ്രഹസനമാണിത്?”, യുവതിയുടെ സഹോദരി ക്ഷോഭത്തോടെ ചോദിക്കുന്നു. നീതി നടപ്പാക്കുമെന്ന സർക്കാർ വാഗ്ദാനം പാലിക്കട്ടെ. എന്നിട്ട് മതി സ്മാരകനിർമാണം. ”ഞങ്ങളുടെ വീട്ടിൽ ചടങ്ങുകൾ നടക്കുകയാണ്. എട്ട് ദിവസത്തെ മരണാനന്തരച്ചടങ്ങുകൾ പോലും പൂർത്തിയായിട്ടില്ല. അതിനിടയിൽ ധൃതി പിടിച്ച് ആർക്ക് വേണ്ടിയാണ് ഈ സ്മാരകനിർമാണം? ഇതെന്തിനാണ് ഈ മണ്ണും കട്ടയും ഇവിടെ കൊണ്ടുവന്ന് ഇറക്കിയിരിക്കുന്നത്? ഇത്രയും കാലം ഞങ്ങൾ നീതിയ്ക്ക് വേണ്ടി മുറവിളി കൂട്ടിയിട്ടും ആരും ഞങ്ങളുടെ കൂടെ നിന്നില്ല. ഇന്ന് എന്റെ സഹോദരി ജീവിച്ചിരിപ്പില്ല. ഒരു കാര്യം ഉറപ്പിച്ച് പറയാം, ഇവിടെ ഈ സ്മാരകം നിർമിക്കാൻ ഞങ്ങൾ സമ്മതിക്കില്ല”, എന്ന് സഹോദരി പറഞ്ഞു.