ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണം ആസൂത്രണം ചെയ്തത് ജെയ്ഷ്-ഇ-മുഹമ്മദ് കമാന്‍ഡര്‍ മുദാസിര്‍ അഹമ്മദ് ഖാന് ആണെന്ന് റിപ്പോര്‍ട്ട്. മുഹമ്മദ് ഭായി എന്ന് അറിയപ്പെടുന്ന ഇയാള്‍ക്ക് 23 വയസ് മാത്രമേ ഉള്ളുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സി.ആര്.പി.എഫ് വാഹനവ്യൂഹത്തിലേക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ചു കയറ്റിയ ആദില്‍ അഹമ്മദ് ധര് മുദാസിറുമായി നിരന്തരം ബന്ധം പുലര്‍ത്തിയരുന്ന. ബിരുദധാരിയായ ഇയാള്‍ ഇലക്ട്രീഷ്യന് കോഴ്സും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ത്രാളിലെ മിര്‍ മൊഹാലയില് താമസിക്കുന്ന മുദാസിര്‍ 2017 മുതല്‍ ജെയ്ഷെയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. കാശ്മീര്‍ താഴ്വരയില് ജെയ്ഷെയുടെ പ്രമുഖനായിരുന്ന നൂര്‍ മുഹമ്മദ് താന്ത്രിയാണ് മുദാസിര്‍ ഖാനെ തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചത്. 2017ല്‍ കാശ്മീരില്‍ നടന്ന ഒരു ഏറ്റുമുട്ടലില്‍ താന്ത്രി കൊല്ലപ്പെട്ടതിന് ശേഷം 2018 ജനുവരി 14ന് വീട് വിട്ട് മുദാസിര്‍ ജെയ്ഷെയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറി. 2018 ജനുവരിയില്‍ ലെത്പോരയിലെ സി.ആര്.പി.എഫ് ക്യാമ്ബിന് നേരെ നടന്ന ഭീകരാക്രമണത്തിലും ഫെബ്രുവരിയില്‍ സുജ്വാനിലെ സൈനിക ക്യാമ്ബിന് നേരെ നടന്ന ആക്രമണത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘം നല്കുന്ന സൂചന.