കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിം കോടതി നാളെ പരിഗണിക്കും. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ നാളെ മുതല്‍ കേള്‍ക്കാനാണ് സുപ്രിം കോടതി തീരുമാനം. സംഘടനകളും വ്യക്തികളും നല്കിയ ഹര്‍ജികളും സുപ്രിം കോടതി നാളെ പരിഗണിക്കും.
കര്‍ഷകര്‍ നടത്തുന്ന സമരം സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുന്നു എന്ന ഹര്‍ജി അടക്കം സുപ്രിം കോടതി പരിഗണിക്കും. സംസ്ഥാനങ്ങളില്‍ പഞ്ചാബ് ആണ് കാര്‍ഷിക നിയമങ്ങളുടെ സാധുതയെ പ്രധാനമായും ചോദ്യം ചെയ്യുന്നത്. ബംഗാള്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്, കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ വരും ദിവസങ്ങളില്‍ പഞ്ചാബിന് പിന്നില്‍ സുപ്രിം കോടതിയില്‍ അണിനിരക്കും.
നിയമങ്ങള്‍ കര്‍ഷക ക്ഷേമവും സംരക്ഷണവും ഊഹകച്ചവടവും കരിഞ്ചന്തയും ഒഴിവാക്കാനാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രധാന വാദം. എം.എസ്.പി ഇല്ലാതാകുന്നത്, മണ്ഡികളുടെ പ്രവര്‍ത്തനം നിലക്കുന്നത്, ഫെഡറല്‍ വ്യവസ്ഥയുടെ ലംഘനം മുതലായവ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളും സുപ്രിം കോടതിയില്‍ ചോദ്യം ചെയ്യും. കഴിഞ്ഞ തവണ കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ചപ്പോള്‍ സമരം നീണ്ടു പോകുന്നതിലെ അതൃപ്തി സുപ്രിം കോടതി അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അവസാന ചര്‍ച്ചയിലും സമവായമായില്ലെന്ന് കേന്ദ്രം സുപ്രിം കോടതിയെ അറിയിക്കും.