ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും അലോക് വര്‍മയെ മാറ്റി. അലോക് വര്‍മയ്ക്കെതിരായ ആരോപണങ്ങള്‍ പരിശോധിക്കാന്‍ ചേര്‍ന്ന സെലക്ഷന് കമ്മിറ്റിയുടേതാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, വലിയ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന്റെ മല്ലികാര്‍ജുന്‍ ഖാര്‍ഗേ, ചീഫ് ജസ്റ്റീസിനു പകരം നിയുക്തനായ ജസ്റ്റീസ് എ.കെ. സിക്രി എന്നിവരടങ്ങിയ സമിതിയാണ് അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കിയത്. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു സെലക്ഷന് കമ്മിറ്റി യോഗം ചേര്‍ന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞിരുന്നു. അലോക് വര്‍മയ്ക്കെതിരായ ആരോപണങ്ങളും കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ റിപ്പോര്‍ട്ടും വര്‍മയുടെ മറുപടിയുമാണു സമിതി പരിഗണിക്കുന്നത്. റിപ്പോര്‍ട്ട് വലുതായതിനാല്‍ പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്നു വിലയിരുത്തിയാണ് ബുധനാഴ്ച സമിതി പിരിഞ്ഞത്. വര്‍മയ്ക്കെതിരായ കേസില്‍ വാദം കേട്ടു വിധി പറയുന്ന സാഹചര്യത്തിലാണ് തുടര്‍ നടപടികള്‍ നിശ്ചയിക്കാനുള്ള സമിതിയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി തീരുമാനിച്ചത്. വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നു മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചൊവ്വാഴ്ച ചീഫ് ജസ്റ്റീസ് അ ധ്യക്ഷനായ മൂന്നംഗ ബെഞ്ച് റദ്ദാക്കിയിരുന്നു.