ന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആം ആദ്മി പാർട്ടി സ്ഥാനാർഥികളുടെ രണ്ടാംഘട്ട പട്ടിക പുറത്തുവിട്ടു. തെരഞ്ഞെടുപ്പിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജംഗ്പുര മണ്ഡലത്തിൽ നിന്ന് മത്സരിക്കും. സിവിൽ സർവീസസ് പരിശീലന അധ്യാപകനായ അവധ് ഓജയാണ് സിസോദിയയുടെ മണ്ഡലമായിരുന്ന കിഴക്കൻ ഡൽഹിയിലെ പട്പർജംഗിൽ നിന്ന് ജനവിധി തേടുക. 20 സ്ഥാനാർഥികളുടെ പട്ടികയാണ് എ.എ.പി പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം 11 സ്ഥാനാർഥികളുടെ പട്ടിക എ.എ.പി പ്രഖ്യാപിച്ചിരുന്നു. 70 അംഗ നിയമസഭയിലേക്ക് ഇതോടെ എ.എ.പി 39 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പുതുതായി പ്രഖ്യാപിച്ചവരുടെ പട്ടികയിൽ സിറ്റിങ് എം.എൽ.എമാരുടെ എണ്ണം താരതമ്യേന കുറവാണ്.
സമീപകാലത്ത് കോൺഗ്രസ്, ബിജെപി പാർട്ടികളിൽ നിന്നും എഎപിയിലെത്തിയ 6 നേതാക്കന്മാർ ആദ്യ പട്ടികയിലുണ്ടായിരുന്നു. മുൻ കോൺഗ്രസ് നേതാക്കളായ ചൗധരി സുബൈർ അഹമ്മദ്, വീർ ദിംഗൻ, സുമേഷ് ഷോക്കീൻ എന്നിവരും മുൻ ബിജെപി നേതാക്കളായ ബ്രഹ്മ് സിങ് തൻവാർ, അനിൽ ഝാ, ബിബി ത്യാഗി എന്നിവരുമാണ് ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചത്.
കേജ്രിവാൾ ജനസമ്മതൻമദ്യനയ അഴിമതിയിലെ സിബിഐ, ഇ.ഡി അന്വേഷണങ്ങൾ, ജയിൽവാസം തുടങ്ങിയവയുണ്ടായെങ്കിലും 65% ജനങ്ങൾക്കും അരവിന്ദ് കേജ്രിവാൾ ജനസമ്മതനാണെന്നാണ് എഎപിയുടെ സർവേഫലം. സംസ്ഥാനത്തെ 99% ജനങ്ങളും തങ്ങളുടെ ക്ഷേമപദ്ധതികളായ സൗജന്യ വൈദ്യുതി, ജല സബ്സിഡി, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര എന്നിവയെ പിന്തുണയ്ക്കുന്നുണ്ടെന്നും എഎപി അവകാശപ്പെടുന്നു. കൂടാതെ, അധോലോക കുടിപ്പകയും വെടിവയ്പുകളും സ്ഫോടനങ്ങളും കൊലപാതകങ്ങളും തുടർക്കഥയാകുന്നതിനെതിരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശബ്ദമുയർത്തുമെന്നും പാർട്ടി വ്യക്തമാക്കി.
ഡൽഹിയിലെ വിദ്യാഭ്യാസ വിപ്ലവത്തിന്റെ ഹൃദയഭാഗമാണ് പട്പർജംഗ് എന്നാണ് സിസോദിയ പറഞ്ഞത്. അതിനാലാണ് പുതുതായി പാർട്ടിയിൽ ചേർന്ന അധ്യാപകൻ കൂടിയായ അവധി ഓജക്ക് സീറ്റ് നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ എം.എൽ.എയായ പ്രവീൺ കുമാറിന് ജാനകി പുരിയാണ് നൽകിയിരിക്കുന്നത്. ഈമാസാദ്യമാണ് അവധ് ഔജ എ.എ.പിയിൽ ചേർന്നത്. അതോടെയാണ് സുരക്ഷിത സീറ്റ് എന്ന നിലയിൽ പട്പർജംഗ് ഇദ്ദേഹത്തിന് നൽകിയത്. 2013മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് സിസോദിയ നിയമസഭയിലെത്തിയത്.