ചണ്ഡിഗഢ്: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഓഫീസുകളിലെ സമയക്രമത്തില്‍ മാറ്റം വരുത്തി പഞ്ചാബ് സര്‍ക്കാര്‍. സര്‍ക്കാര്‍ ഓഫീസുകളുടെ സമയക്രമം രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയാക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ദ് മന് അറിയിച്ചു.
നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഓഫീസ് സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ്.പുതിയ സമയക്രമം മെയ് രണ്ട് മുതല്‍ ജൂലൈ 15 വരെയാണ് നടപ്പിലാക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ സമയക്രമം നിലവില്‍ വരുന്നതോടെ ജീവനക്കാര്‍ക്ക് സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കാനും അവരുടെ കുട്ടികളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനുളള അവസരം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത് സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്നവര്‍ക്ക് വേനല്‍ ചൂടില്‍ നിന്ന് ആശ്വാസം നല്‍കുമെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് തന്നെ ഇത് ആദ്യത്തെ സംഭവമാണെന്നും ഇതിലൂടെ 300 മുതല്‍ 350 മെഗാവാട്ട് വരെ വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ കഴിയുമെന്നും ഭഗവന്ദ് മന് പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍, ജീവനക്കാരുള്‍പ്പെടെ നിരവധി പേരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഈ തീരുമാനം എടുത്തത്. വേനല്‍ക്കാലത്തെ ഓഫീസ് സമയ മാറ്റം വൈദ്യുതി ഉപഭോഗം കുറയ്ക്കും. ഉച്ചയ്ക്ക് 1.30 ന് ശേഷമാണ് വൈദ്യുതി ഉപഭോഗം കൂടുന്നതെന്നാണ് പവര്‍ യൂട്ടിലിറ്റി പഞ്ചാബ് സ്റ്റേറ്റ് പവര്‍ കോര്പ്പറേഷന് ലിമിറ്റഡ് പറയുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍ രണ്ട് മണിക്ക് അടച്ചാല്‍ വൈദ്യുതി ഉപഭോഗം 300 മുതല്‍ 350 മെഗാവാട്ട് വരെ കുറയ്ക്കാന്‍ സഹായിക്കും’, മുഖ്യമന്ത്രി പറഞ്ഞു. .