ന്യൂഡല്‍ഹി : ഡല്‍ഹി കലാപത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്ത കേസിലെ പ്രതി ഷാരൂഖിന് തോക്ക് ലഭിച്ചത് സംബന്ധിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി ക്രൈംബ്രാഞ്ച്. ബീഹാറിലെ മുംഗറില്‍ നിന്നുമാണ് ഇയാള്‍ക്ക് തോക്ക് ലഭിച്ചിരിക്കുന്നത്. ഷാരൂഖിന് തോക്ക് നല്കിയ ഇടനിലക്കാരനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.ഉന്നത നിലവാരത്തിലുള്ള സെമി ഓട്ടോമാറ്റിക് പിസ്റ്റലാണ് ഷാരൂഖ് പോലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്.
ഇത്തരം തോക്കുകള്‍ അധികം ആരും കൈവശം വെയ്ക്കാറില്ല. ഈ സൂചനകള്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തോക്കിന്റെ ഉറവിടം സംബന്ധിച്ച വിവരം ലഭിച്ചതെന്നും അന്വേഷണ സംഘം പറഞ്ഞു.കഴിഞ്ഞ ദിവസം ഷാരൂഖ് പോലീസിന് നേരെ വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ച തോക്ക് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തോക്ക് സംബന്ധിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്.