ആലപ്പുഴ: ദേശീയപാതയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് കത്തി രണ്ട് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ വെന്തുമരിച്ചു. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം കോളേജ് ജംഗ്ഷന് വടക്ക് ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു അപകടം. മാവേലിക്കര ഉമ്മര്നാട് നാടപ്പള്ളി വീട്ടില്‍ സുധാകുമാരിയുടെ മകന് ശങ്കര്‍ കുമാര്‍ (22), ചെങ്ങന്നൂര്‍ കാരക്കാട് കിരണ്‍ നിവാസില്‍ ഉണ്ണിക്കൃഷ്ണന്റെ മകന് കിരണ്‍ കൃഷ്ണന് (21) എന്നിവരാണ് മരിച്ചത്. കോയമ്പത്തൂരില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളായ ഇരുവരും സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.
ഹരിപ്പാട് നിന്ന് നങ്ങ്യാര്‍കുളങ്ങര ഭാഗത്തേക്ക് പോയ ബൈക്ക് എതിരെ വന്ന ലോറുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന ബൈക്ക് അഗ്നിക്കിരയായി. ഓടിക്കൂടിയ നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. വിവരം അറിഞ്ഞ് ഹരിപ്പാട്ട് നിന്നെത്തിയ ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് തീ അണച്ചപ്പോഴേക്കും ശങ്കര്‍ കുമാര്‍ മരിച്ചിരുന്നു. ഇയാളുടെ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഗുരുതരമായി പൊള്ളലേറ്റ് കിരണ്‍ കൃഷ്ണനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.