കൊവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത് ദിനംപ്രതി ഉയരുന്നതിനാല്‍ കോളേജ് പരീക്ഷാ നടത്തിപ്പ്, അക്കാദമിക കലണ്ടര്‍ എന്നിവ സംബന്ധിച്ച് രാജ്യത്തെ സര്‍വ്വകലാശാലകള്‍ക്കുള്ള പുതുക്കിയ UGC മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി ശ്രീ രമേശ് പൊഖ്റിയാല് നിഷാന്ക് ഇന്നലെ ന്യൂഡല്‍ഹിയില്‍ വിര്‍ച്ച്വല്‍ ആയി പുറത്തിറക്കി. പരീക്ഷാ നടത്തിപ്പ്, അക്കാദമിക് കലണ്ടര്‍ എന്നിവ സംബന്ധിച്ച പ്രശ്നങ്ങളെപ്പറ്റി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനായി ഒരു വിദഗ്ധ സമിതിക്ക് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന് ഏപ്രിലില്‍ രൂപം നല്‍കിയിരുന്നു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍, പരീക്ഷകള്‍, അക്കാദമിക കലണ്ടര്‍ എന്നിവ സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ഏപ്രില്‍ 29നു UGC പുറത്തിറക്കുകയും ചെയ്തിരുന്നു.
മാര്ഗ്ഗനിര്ദേശങ്ങളിലെ പ്രധാനവസ്തുതകള്‍ താഴെപ്പറയുന്നു
* രാജ്യത്തെ സര്‍വകലാശാലകളും വിദ്യാഭ്യാസസ്ഥാപനങ്ങളും നടത്തുന്ന അവസാന സെമസ്റ്റര്‍/വര്‍ഷ പരീക്ഷകള്‍, ഓഫ്ലൈന് ആയോ (പേനയും പേപ്പേറും ഉപയോഗിച്ച്) , ഓണ്‍ലൈന്‍ ആയോ, ഇവ രണ്ടും ചേര്‍ന്ന രീതിയിലോ (ഓണ്‍ലൈന്‍-ഓഫ്ലൈന്) സെപ്റ്റംബര്‍ അവസാനത്തോടെ നടത്തേണ്ടതാണ്.
* ആവസാന സെമെസ്റ്ററുകളിലോ അവസാനവര്ഷത്തിലൊ പഠിക്കുന്ന, ഇനിയും ജയിക്കാന്‍ പേപ്പറുകള്‍ ഉള്ള വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയം കര്‍ശനമായും നടപ്പാക്കണം. ഓഫ്ലൈന് ആയോ, അല്ലെങ്കില്‍ ഓണ്‍ലൈന്‍ ആയോ, ഇവ രണ്ടും ചേര്‍ന്ന രീതിയിലോ പരീക്ഷകള്‍ നടത്താവുന്നതാണ്.
* ഏതെങ്കിലും കാരണംമൂലം സര്‍വ്വകലാശാലകള്‍ നടത്തുന്ന ഈ പരീക്ഷകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്ക്, ആ കോഴ്സിനോ പേപ്പറിനോ വേണ്ടിയുള്ള പ്രത്യേക പരീക്ഷകളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കേണ്ടതാണ്. ഇത്തരം പ്രത്യേക പരീക്ഷകള്‍ സര്‍വകലാശാലകള്‍ സമയലഭ്യത അനുസരിച്ച് സാധ്യമായ രീതിയില്‍ സംഘടിപ്പിക്കാം. നടപ്പ് വിദ്യാഭ്യാസവര്‍ഷത്തില്‍, അതായത് 2019-20ല്‍, ഒരിക്കല്‍ മാത്രമാകും, ഈ വ്യവസ്ഥ നടപ്പിലാക്കുക.
* ഇടയ്ക്കുള്ള സെമെസ്റ്ററുകള്‍/വാര്‍ഷിക പരീക്ഷ എന്നിവ സംബന്ധിച്ച് ഏപ്രില്‍ 29ന് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ മാറ്റമില്ലാതെ തുടരും.