കര്‍ഷക സമരം അവസാനിപ്പിക്കാറായില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടികായത്ത്. മിനിമം താങ്ങുവില പ്രഖ്യാപനങ്ങളില്‍ മാത്രമായി ഒതുങ്ങിയെന്ന് രാകേഷ് ടികായത്ത് പറഞ്ഞു. ഇപ്പോഴും കര്‍ഷക ഉത്പന്നങ്ങള്‍ സംഭരിക്കുന്നത് മിനിമം താങ്ങുവില നല്‍കാതെയാണ്. പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയും കര്‍ഷകരോട് സ്വീകരിക്കുന്ന സമീപനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷക സമരത്തിന്റെ അവസാന കാലത്ത് കര്‍ഷക നേതാവായ രാകേഷ് ടിക്കായത്ത് ‘മിഷന് യുപി’, ‘മിഷന് ഉത്തരാഖണ്ഡ്’ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപിക്കെതിരെ രംഗത്തിറങ്ങുമെന്നായിരുന്നു അന്ന് രാകേഷ് ടിക്കായത്ത് അറിയിച്ചിരുന്നത്.
കര്‍ഷക സമരം അവസാനിപ്പിക്കാനായി കര്‍ഷകര്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ അംഗീകരിക്കുന്നുവെന്ന് അറിയിച്ച കേന്ദ്രസര്‍ക്കാര്‍ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിച്ചിരുന്നു. ഇതോടെ കര്‍ഷകര്‍ ഒരു വര്‍ഷമായി ഡല്‍ഹി അതിര്‍ത്തികളില്‍ നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു. തുടര്‍ന്ന് മിഷന് യുപി പദ്ധതിയുമായി മുന്നോട്ട് പോകുന്നതില്‍ ചില കര്‍ഷക സംഘടനകള്‍ താത്പര്യകുറവ് പ്രകടിപ്പിച്ചു.
കര്‍ഷക സമരം അവസാനിപ്പിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്കിയ വാക്ക് പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് ഇപ്പോള്‍ കര്‍ഷക സംഘടനാ നേതാക്കള്‍ ആരോപിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പിന് മുമ്പ് വീണ്ടും മിഷന് യുപി പദ്ധതിയുമായി മുന്നോട്ട് നീങ്ങുമെന്ന് കര്‍ഷക സംഘടനകള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു.
ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് മാത്രമാണ് കര്‍ഷക സംഘടനാ നേതാക്കള്‍ ആവശ്യപ്പെടുന്നത്. മറിച്ച് ആര്‍ക്ക് വോട്ട് നല്‍കണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നില്ല. തത്വത്തില്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും എതിരാണ് കര്‍ഷക സംഘടനകളുടെ നിലപാടെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പിന്തുണ പ്രഖ്യാപിക്കില്ലെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു.