ബെംഗളൂരു: പൊതുസ്ഥലത്ത് മൂത്രമൊഴിച്ച നാല്പത്തി രണ്ടുകാരനെ മൂന്നംഗ മദ്യപ സംഘം ക്രൂരമായി മർദ്ദിച്ചതായി പരാതി. തലയ്ക്കും കഴുത്തിനും കൈയ്ക്കും സാരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. സർജാപൂരിൽ താമസിക്കുന്ന മദൻ എസ് ആണ് ആക്രമിക്കപ്പെട്ടത്. സർജാപൂർ റോഡിലെ ദൊഡ്ഡകണ്ണെലിയിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. രാത്രി 9.30 ന് ദൊഡ്ഡകണ്ണെലിയിലെ കമ്മ്യൂണിറ്റി ഹാളിനു മുമ്പിലിരുന്ന് മദ്യപിക്കുകയായിരുന്ന സംഘം എതിർവശത്തെ റോഡരികിൽ മൂത്രമൊഴിച്ചുകൊണ്ടിരുന്ന മദനെ കണ്ടതോടെ ഇയാളുമായി വാക്കേറ്റത്തിലാവുകയും മദ്യക്കുപ്പികൊണ്ട് തലക്കടിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. രക്തത്തിൽ കുളിച്ചു കിടന്ന മദനെ വീട്ടുകാരെത്തിയ ശേഷമാണ് ആശുപത്രിയിലെത്തിച്ചത്.
മദന്റെ വലത് കൈയ്ക്കും കഴുത്തിനും ചതവു പറ്റിയിട്ടുണ്ട്. രാത്രി ഓഫീസിൽ നിന്ന് വരികയായിരുന്ന താൻ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിനെ മൂവരും ചോദ്യം ചെയ്യുകയായിരുന്നു. വാക്കേറ്റത്തിനൊടുവിൽ മദ്യക്കുപ്പികൊണ്ട് മർദ്ദിക്കുകയായിരുന്നുവെന്ന് മദൻ പരാതിയിൽ പറയുന്നു.
ശ്രീനിവാസ്, നരസിംഹ മൂർത്തി, ബാബു എന്നിവരാണ് തന്നെ ആക്രമിച്ചതെന്നും മൂവരും പ്രദേശവാസികളാണെന്നും മദൻ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ ബെലന്ദൂർ പൊലീസ് കേസെടുത്തു.