ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ ഗുജറാത്ത് സര്‍ക്കാരിന് കനത്ത തിരിച്ചടി. കേസിലെ 11 പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്കിയ സര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കി.
കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ ശിക്ഷാ ഇളവ് നല്കി മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യംചെയ്തുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.
പ്രതികളെ വിട്ടയയ്ക്കാന് ഗുജറാത്ത് സര്‍ക്കാരിന് അവകാശമില്ലെന്ന് കോടതി നിരീക്ഷിച്ചു. കുറ്റകൃത്യം നടന്ന സ്ഥലത്തേക്കാള്‍ കേസിന്റെ വിചാരണ നടന്ന സ്ഥലത്തിനാണ് പ്രാധാന്യം. വിചാരണ നടന്ന സംസ്ഥാനമായ മഹാരാഷ്ട്രയിലെ സര്‍ക്കാരിനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശമെന്ന് കോടതി വ്യക്തമാക്കി.
വിചാരണ നടന്ന സ്ഥലത്തെ സര്‍ക്കാരിനാണ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്കാന് അവകാശമെന്ന് നേരത്തേ സുപ്രീംകോടതി വിധിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പല കാര്യങ്ങളും മറച്ചുവച്ച് കോടതിയെ പോലും തെറ്റിദ്ധിപ്പിച്ചാണ് പ്രതികള്‍ നേരത്തേ അനുകൂല വിധി നേടിയതെന്നും കോടതി നിരീക്ഷിച്ചു.