മണിപ്പൂർ : മണിപ്പൂരിലെ മോറെയിൽ ഇന്ത്യ-മ്യാൻമർ അതിർത്തി പ്രദേശത്ത് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. വെടിവയ്പ്പുണ്ടായതായും പോലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതെയുള്ളൂ. ജനുവരി രണ്ടിന് മണിപ്പൂരിൽ തീവ്രവാദികൾ പതിയിരുന്ന് നടത്തിയ ആക്രമണത്തിൽ നാല് പോലീസ് കമാൻഡോകൾക്കും ഒരു അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) ജവാനും പരിക്കേറ്റിരുന്നു. മ്യാൻമർ അതിർത്തിയോട് ചേർന്നുള്ള മോറെയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
പോലീസ് കമാൻഡോകളുടെ വാഹനവ്യൂഹത്തിന് നേരെ തോക്കുധാരികളായ തീവ്രവാദികൾ ആക്രമണം നടത്തുകയായിരുന്നു. സുരക്ഷാ സേന തിരച്ചിൽ നടത്തുന്നതിനിടെ കമാൻഡോകൾക്ക് നേരെ അക്രമികൾ വെടിയുതിർത്തു. തൗബാൽ ജില്ലയിലെ ലിലോങിൽ സായുധരായ അക്രമികളും നാട്ടുകാരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ നാല് സാധാരണക്കാർ കൊല്ലപ്പെട്ടതിന്റെ പിറ്റേന്നാണ് പുതിയ സംഭവം. ഒരിടവേളയ്ക്ക് ശേഷമാണ് മണിപ്പൂരിൽ അക്രമസംഭവങ്ങൾ തുടർക്കഥയാവുന്നത്. തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ തൗബാൽ, ഇംഫാൽ വെസ്റ്റ് ജില്ലകളിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു.