ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ മാനഭംഗത്തിനിരയായതായി പരാതി നല്കിയതിനുശേഷം വിചാരണയ്ക്കായി പോകവേ പ്രതികള്‍ തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. വെള്ളിയാഴ്ച രാത്രി 11.40ന് ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലായിരുന്നു മരണം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടി മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് പെണ്‍കുട്ടിക്കുനേരെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ അഞ്ചു പ്രതികളെയും അറസ്റ്റ് ചെയ്തു. റായ്ബറേലിയിലെ കോടതിയിലേക്കു പോകുന്നതിനിടെയായിരുന്നു ആക്രമണമെന്നു പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. ഉന്നാവോയിലെ ഹിന്ദുനഗറില്‍വച്ച് അഞ്ചംഗസംഘമാണു തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. ഹരിശങ്കര്‍ ത്രിവേദി, രാം കിഷോര്‍ ത്രിവേദി, ഉമേഷ് ബാജ്പേയി, ശിവം ത്രിവേദി, ശുഭം ത്രിവേദി എന്നിവരാണ് അക്രമികള്‍. ഇതില്‍ ശിവം ത്രിവേദിയും ശുഭം ത്രിവേദിയും 2018ല്‍ തന്നെ മാനഭംഗപ്പെടുത്തിയിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. പൊള്ളലേറ്റ പെണ്‍കുട്ടി ഒരു കിലോമീറ്ററോളം ഓടിയെന്നു ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞു. ഇതിനുശേഷമാണു വൈദ്യസഹായം ലഭിച്ചത്.