ദില്ലി: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ ചുട്ടെരിച്ച് കൊന്ന സംഭവത്തിൽ പ്രതികളെ ഒരു മാസത്തിനുള്ളിൽ തൂക്കിക്കൊല്ലണമെന്ന് ദില്ലി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മളിവാൾ. കേന്ദ്രസര്‍ക്കാരിനോടും ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടുമാണ് അവര്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അതേസമയം ഉന്നാവിൽ മരണത്തിന് കീഴടങ്ങിയ യുവതിയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും.
ബലാത്സംഗ കേസിന്റെ വിചാരണക്കായി കോടതിയിലേക്ക് പോകവേയാണ് വ്യാഴാഴ്ച, പ്രതികള്‍ 23കാരിയായ യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് ഇവര്‍ മരണത്തിന് കീഴടങ്ങിയത്. 11.10ന് യുവതിക്ക് ഹൃദയാഘാതമുണ്ടായതായും 11.40ന് മരിക്കുകയും ചെയ്തെന്ന് ഡോ. ശലഭ് കുമാര്‍ പറഞ്ഞു. മരണത്തിന് മുമ്പ് പെണ്‍കുട്ടി മജിസ്ട്രേറ്റിന് പ്രതികളെക്കുറിച്ച് മൊഴി നല്‍കിയെന്നാണ് സൂചന.