ദില്ലി: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ പ്രതികൾ ചുട്ടെരിച്ച് കൊന്ന സംഭവത്തിൽ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. ബലാത്സംഗ കേസിന്റെ വിചാരണക്കായി കോടതിയിലേക്ക് പോകവേയാണ് പ്രതികള്‍ 23കാരിയായ യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് ഇവര്‍ മരണത്തിന് കീഴടങ്ങിയത്. യുവതി മരിച്ചതായി രാത്രി 11.40 ന് ആശുപത്രി അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മരണത്തിന് മുമ്പ് പെണ്‍കുട്ടി മജിസ്ട്രേറ്റിന് പ്രതികളെക്കുറിച്ച് മൊഴി നല്‍കിയെന്നാണ് സൂചന. 11.10ന് യുവതിക്ക് ഹൃദയാഘാതമുണ്ടായതായും 11.40ന് മരിക്കുകയും ചെയ്തെന്ന് ഡോ. ശലഭ് കുമാര്‍ പറഞ്ഞു. 90ശതമാനം പൊള്ളലേറ്റ യുവതി ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള സാധ്യത വിരളം എന്ന് മെഡിക്കൽ ബോർഡ് പരിശോധനകൾക്ക് ശേഷം വ്യക്തമാക്കിയിരുന്നു. തീ കൊളുത്തുന്നതിന് മുമ്പ് തന്നെ മര്‍ദിച്ചെന്നും കത്തികൊണ്ട് ആക്രമിച്ചെന്നും യുവതി പൊലീസിനും മൊഴി നല്‍കിയിരുന്നു.