ദില്ലി: ലൈംഗിക പീഡന പരാതിയിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ കുറ്റ വിമുക്തനാക്കിയ റിപ്പോർട്ടിന്റെ പകർപ്പു തനിക്കു ലഭിക്കണം എന്നാവശ്യപ്പെട്ട് പരാതിക്കാരിയായ യുവതി ആഭ്യന്തര സമിതിയ്ക്ക് കത്തയച്ചു. ആഭ്യന്തര സമിതി അധ്യക്ഷൻ ജസ്റ്റിസ് ബോബ്ഡെയ്ക്കാണ് യുവതി കത്ത് അയച്ചത്.
“എന്റെ പരാതിയ്ക്കും സത്യവാങ്മൂലത്തിനും അടിസ്ഥാനമില്ലെന്ന സമിതിയുടെ കണ്ടെത്തൽ നടുക്കമാണുണ്ടാക്കുന്നത്. സാമാന്യ നീതിയുടെ അടിസ്ഥാന തത്വങ്ങൾ പോലും സമിതിയ്ക്ക് പാലിക്കാനായില്ല” രഞ്ജൻ ഗോഗോയിയ്ക്ക് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് നൽകിയ കത്തിൽ പരാതിക്കാരി പറഞ്ഞു.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് എതിരായ ലൈംഗിക പീഡന പരാതി ഇന്നലെയാണ് സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി തള്ളിയത്. മുൻ കോടതി ജീവനക്കാരി കൂടിയായ യുവതി ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി തള്ളിയത്. നേരത്തേ യുവതി അന്വേഷണ സമിതിയിൽ വിശ്വാസമില്ലെന്ന് കാട്ടി അന്വേഷണവുമായി സഹകരിക്കുന്നതിൽ നിന്ന് പിൻമാറിയിരുന്നു.