ജയ്പുര്‍: പെഹ്ലു ഖാന് വധക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ആല്‍വാറിലെ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡാണ് ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പശുസംരക്ഷകരുടെ ആക്രമണത്തിലാണു പെഹ്ലു ഖാന് കൊല്ലപ്പെട്ടത്. ജയ്പുരില്‍നിന്നു പശുക്കളുമായി ഹരിയാനയിലേക്കു പോകവേ 2017 ഏപ്രില്‍ ഒന്നിനായിരുന്നു പെഹ്ലു ഖാനും മക്കളും ആക്രമിക്കപ്പെട്ടത്. ചികിത്സയിലിരിക്കേ ഏപ്രില്‍ മൂന്നിനു പെഹ്ലു ഖാന് മരിച്ചു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്‍പത് പേരെയാണ് കേസില്‍ പ്രതിച്ചേര്‍ത്തത്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെയാണ് കുറ്റക്കാരാനാണെന്ന് കണ്ടെത്തിയത്. നേരത്തെ വിചാരണ കോടതി കേസിലെ ആറുപ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതേവിട്ടിരുന്നു. ഈ നടപടി വിവാദമായിരുന്നു.