ഗൂഡല്ലൂര്‍: തമിഴ്നാട്ടിലെ പന്തല്ലൂരില്‍ മൂന്ന് വയസുകാരിയെ കൊന്ന പുലിയെ വനംവകുപ്പ് മയക്കുവെടി വച്ചു പിടികൂടി. വെടിയേറ്റ് മയങ്ങിയ പുലിയെ കൂട്ടിലാക്കി.മുതുമല വന്യജീവിസങ്കേതത്തിലേക്കാണ് പുലിയെ കൊണ്ടുപോകുന്നത്. അതേസമയം, കൂട്ടിലാക്കിയ പുലിയെ കാണിക്കാത്തതില്‍ പ്രദേശവാസികള്‍ സ്ഥലത്ത് പ്രതിഷേധം നടത്തുകയാണ്.
നേരത്തെ, കുങ്കിയാനയുമായുള്ള തിരച്ചിലിനിടെ, കുട്ടിയെ ആക്രമിച്ചതിന്റെ സമീപപ്രദേശത്ത് പുലിയെ കണ്ടെത്തിയിരുന്നു. തേയിലത്തോട്ടത്തില്‍ നിന്ന് പ്രദേശത്തെ കൈതക്കാടിനുള്ളിലേക്കാണ് പുലി ഓടിപ്പോയതെന്നാണ് ദൃക്സാക്ഷികള്‍ അറിയിച്ചത്. ഇതിനു പിന്നാലെ ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി. മയക്കുവെടി വയ്ക്കാൻ നാലു വെറ്റിനറി ഡോക്ടര്‍മാരാണ് എത്തിയത്.