രാജ്ഗര് : കുഴല്‍ കീണറില്‍ വീണതിനെത്തുടര്‍ന്ന് നാലു വയസുകാരിക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ രാജ്ഗര് ജില്ലയിലാണ് സംഭവം നടന്നത്. നാലു വയസുകാരി മഹിയാണ് മരിച്ചത്. മണിക്കൂറുകള്‍ക്ക് ശേഷം കുട്ടിയെ പുറത്തെത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. വിവരം പുറത്തറിഞ്ഞതോടെ പൊലീസും ദുരന്തനിവാരണസേനയും സംഭവസ്ഥലത്തെത്തുകയും കുട്ടിയെ പുറത്തെത്തിക്കാനുളള നീക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
എന്നാല്‍ 22 അടി താഴ്ചയില്‍ നിന്നും കുട്ടിയെ പെട്ടെന്ന് പുറത്തെത്തിക്കുക എളുപ്പമായിരുന്നില്ല. കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളാകാതിരിക്കാന്‍ ഓക്സിന് സൗകര്യങ്ങളും ഒരുക്കിയിരുന്നു. 25 അടി താഴ്ചയില്‍ കുഴല്‍കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്താണ് പുലര്‍ച്ചെ 2.45 ഓടെ കുട്ടിയെ പുറത്തെത്തിച്ചത്.കുട്ടിയെ ഉടന്‍ അടുത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനാല്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു.
അവിടെ നിന്നും 70 കിലോമീറ്റര്‍ അകലെയുളള ഭോപാലിലെ ഹമീദിയ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കുളളില്‍ തന്നെ മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കുട്ടിയുടെ മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് കൈമാറും.