ചെന്നൈ: നടന് വിജയ്യെ ആദായനികുതി വകുപ്പ് അധികൃതര്‍ ചോദ്യം ചെയ്യുന്നത് അവസാനിപ്പിച്ചു. 30 മണിക്കൂർ പിന്നിട്ട ചോദ്യം ചെയ്യലിന് ശേഷമാണ് ആദായ നികുതി വകുപ്പ് ഉദ്യാഗസ്ഥർ വിജയ്യുടെ വീട്ടില്‍ നിന്നും മടങ്ങുന്നത്. സ്വത്ത് വിവരങ്ങളിൽ ക്രമക്കേടുണ്ടെന്ന് സംശയിക്കുന്ന ചില രേഖകൾ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഈ രേഖകൾ വിശദമായി വിലയിരുത്തിയ ശേഷമാകും ഏതെങ്കിലും രീതിയിലുള്ള ക്രമക്കേടുകളുണ്ടെങ്കില്‍ നടപടിയുമായി മുന്നോട്ട് പോകുക. ചോദ്യംചെയ്യല്‍ അവസാനിച്ചെങ്കിലും ഇപ്പോൾ പ്രതികരിക്കാൻ ഇല്ലെന്ന് വിജയ് വ്യക്തമാക്കി. മാധ്യമങ്ങളെ കാണില്ലെന്നും താരം അറിയിച്ചു.
വിജയ്ക്കൊപ്പം ഭാര്യ സംഗീതയെയും ആദായനികുതി വകുപ്പ് ഉദ്യാഗസ്ഥർ ചോദ്യം ചെയ്തിരുന്നു. വിജയിന്റെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളും ഭൂമിയിടപാടുകളും സംബന്ധിച്ചുള്ള രേഖകളും പരിശോധിച്ചതായാണ് വിവരം. എട്ട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കും ചോദ്യം ചെയ്യലിനുമായി വിജയിയുടെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയിലുണ്ടായിരുന്നതെന്നാണ് വിവരം.