ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി കത്തിച്ച പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി വ്യോമമാര്‍ഗം ഡല്‍ഹിയിലേക്ക് മാറ്റും. ഇതിനായി എയര്‍ ലിഫ്റ്റ് ചെയ്യാനുള്ള ഒരുക്കങ്ങള്‍ ലക്നോവില്‍ തുടങ്ങി. 90 ശതമാനത്തോളം പൊള്ളലേറ്റ ഇരുപത്തിമൂന്നുകാരി അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉന്നാവിലെ ഹിന്ദുനഗര്‍ ഗ്രാമത്തിലാണ് മനുഷ്യമനഃസാക്ഷിയെ നടക്കുന്ന സംഭവം നടന്നത്. റെയില്‍വേ സ്റ്റേഷനിലേക്ക് പോയിക്കൊണ്ടിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയും സുഹൃത്തുക്കളും ചേര്‍ന്നാണ് വയലില്‍ വച്ച് കൊല്ലാന്‍ ശ്രമം നടത്തിയത്.
ഗുരതരമായി പരിക്കേറ്റ യുവതിയെ ആദ്യം സമീപമുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീടാണ് ലക്നോവിലെ ആശുപത്രിയിലേക്ക് മാറ്റിയത്. തീ കൊളുത്തുന്നതിന് മുമ്ബ് പ്രതികള്‍ വീണ്ടും കൂട്ടമാനഭംഗം നടത്തിയതായും പോലീസ് സംശയിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര് കസ്റ്റഡിയിലെടുത്തു. രണ്ടു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.