ഉത്തരകാശി : ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ ഭൂചലനം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് റിക്ടര്‍ സ്കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് സീസ്മോളജി (എന്‍സിഎസ്) അറിയിച്ചു. പുലര്‍ച്ചെ 3:49 ന് ആണ് ഭൂചലനം അനുഭവപ്പെട്ടത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന രണ്ടാമത്തെ ഭൂചലനമാണിത്. റിക്ടര്‍ സ്കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ചൊവ്വാഴ്ച പിത്തോര്‍ഗഢില്‍ ഉണ്ടായത്.
ചൊവ്വാഴ്ച നേപ്പാളിലും തുടര്‍ച്ചയായി നാല് ഭൂകമ്പങ്ങള്‍ അനുഭവപ്പെട്ടിരുന്നു. ഉത്തരാഖണ്ഡിലെ തീര്‍ഥാടന നഗരമായ ജോഷിമഠില്‍ നിന്ന് 206 കിലോമീറ്റര്‍ തെക്കുകിഴക്കും ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്നൗവില്‍ നിന്ന് 284 കിലോമീറ്റര്‍ വടക്കുമായാണ് ഏറ്റവും ശക്തമായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പിന്നാലെ ഡല്‍ഹി എന്‍സിആര്‍, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവയുള്‍പ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ഈ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
പടിഞ്ഞാറന്‍ നേപ്പാളില്‍ ഉച്ചയ്ക്ക് 2:25 ന് ആദ്യ ഭൂചലനം അനുഭവപ്പെട്ടു. 4.6 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂചലനം 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു. തുടര്‍ന്ന് 2:51 ന് 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. പിന്നാലെ 3.6, 3.1 തീവ്രതകളില്‍ രണ്ട് ഭൂചലനങ്ങള്‍ കൂടി ഇതേ പ്രദേശത്ത് യഥാക്രമം 15 കിലോമീറ്റര്‍ ആഴത്തിലും 10 കിലോമീറ്റര്‍ ആഴത്തിലും അനുഭവപ്പെട്ടു. വൈകിട്ട് 3:06 നും 3:19 നും ആണ് ഭൂചലനമുണ്ടായത്.
രണ്ടാമത്തെ ഭൂചലനത്തെത്തുടര്‍ന്ന് ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇതോടെ ജനങ്ങള്‍ ഓഫീസുകളില്‍ നിന്നും ബഹുനില കെട്ടിടങ്ങളില്‍ നിന്നും ജനങ്ങള്‍ പുറത്തേക്ക് ഓടി. ഇതിനിടെ സ്ഥലത്തെത്തിയ പൊലീസ് ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് അഭ്യര്‍ത്ഥിച്ചു. കെട്ടിടങ്ങളില്‍ നിന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് വരണമെന്നും എലിവേറ്ററുകള്‍ ഉപയോഗിക്കരുതെന്നും പൊലീസ് നിര്‍ദ്ദേശിച്ചു. അടിയന്തര സഹായത്തിന് 112ല്‍ വിളിക്കാമെന്നും പരിഭ്രാന്തി വേണ്ടെന്നും ഡല്‍ഹി പൊലീസ് എക്സില്‍ പോസ്റ്റ് ചെയ്തു.
ഭൂകമ്പ സാധ്യതയേറിയ ലോകത്തിലെ ഏറ്റവും സജീവമായ ടെക്റ്റോണിക് സോണുകളിലൊന്നിലാണ് (സീസ്മിക് സോണ്‍ IV, V) നേപ്പാള്‍ സ്ഥിതിചെയ്യുന്നത്. 2015 ഏപ്രില്‍ 25-ന് നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ 8,000-ത്തിലധികം പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടിരുന്നു. അന്ന് 21,000-ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് രാജ്യത്ത് ദുരന്തം വിതച്ചത്.