ഡല്‍ഹി : രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ചു തുടങ്ങി. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്ന് നിര്‍മല സീതാരാമന് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ധനമന്ത്രി പാര്‍ലമെന്റില്‍ വിശദീകരിച്ചു . ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയില്‍ ഈ വര്‍ഷം തന്നെ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന് ധനമന്ത്രി വ്യക്തമാക്കി. പുരോഗതിയും സുരക്ഷയുമാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് . ശക്തമായ രാജ്യത്തിന് ശക്തനായി പൗരന് എന്ന മുദ്രാവാക്യം പ്രാവര്‍ത്തികമാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. എന്‍ഡിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ധനമന്ത്രി. 2014ല്‍ 1.85 ട്രില്യണ്‍ മൂല്യമുണ്ടായിരുന്ന സമ്പദ്ഘടന 2.7 ട്രില്യണിലെത്തി. ഈവര്‍ഷം 3 ട്രില്യണ്‍ ഡോളര്‍ ലക്ഷ്യം കൈവരിക്കും. എല്ലാ മേഖലയ്ക്കും പരിഗണന നല്കുന്ന വികസനമാണ് ലക്ഷ്യമാക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
ലാഭമുണ്ടാക്കുന്നത് തെറ്റല്ലെന്ന് നിരീക്ഷിച്ച ധനമന്ത്രി സ്വകാര്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കുമെന്ന് വിശദമാക്കി. പരസ്പര വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വിദേശനിക്ഷേപവും കൂട്ടും. ഇന്ത്യയൊട്ടാകെ സഞ്ചരിക്കാന്‍ ഒറ്റ ട്രാവല്‍കാര്‍ഡ് പ്രാവര്‍ത്തികമാക്കും. വൈദ്യുത വാഹനങ്ങള്‍ വ്യാപകമാക്കും. ഇതിനായി പതിനായിരം കോടിയുടെ പുതിയ പദ്ധതി നടപ്പിലാക്കും . വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി നടപ്പാക്കും. എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചായിരിക്കും ഇത് നടപ്പിലാക്കുക. ജലഗ്രിഡും ഗ്യാസ് ഗ്രിഡും സമാനമായ രീതിയില്‍ നടപ്പാക്കും. പ്രധാന്‍മന്ത്രി സഡക് യോജന പദ്ധതിയിലൂടെ ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണവും നവീകരണവും വിപുലീകരിക്കും. മൂന്നാം ഘട്ടത്തില്‍ ഒരു ലക്ഷം കിലോമീറ്റര്‍ റോഡ് നവീകരണം പരിഗണനയിലെന്ന് ധനമന്ത്രി പറഞ്ഞു.
ഭവന വാടകസംവിധാനത്തില്‍ നിലവിലുള്ളത് ദുരിതാവസ്ഥയാണ്. ഇത് മറികടക്കാന്‍ മാതൃകാ വാടകനിയമം കൊണ്ടുവരുമെന്ന് ധനമന്ത്രി. മുഴുവന്‍ ആളുകള്‍ക്കും വീട് നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു. ചെറുകിട വ്യാപാരികള്‍ക്കും പെന്ഷന് നടപ്പിലാക്കും. പ്രധാനമന്ത്രി കരംയോഗി മാന്‍ദണ്ഡ് പെന്ഷന് പദ്ധതി പ്രഖ്യാപിച്ചു. 1.5 കോടി രൂപയില്‍ കുറവ് വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാര്‍ക്കാണു പെന്ഷന് നല്‍കുക. 2022 ഓടെ എല്ലാവര്ക്കും വീട് ലഭ്യമാക്കും. ശൗചാലയം, ഗ്യാസ്, കറന്റ് സംവിധാനമുള്ള വീടുകള്‍ ലഭ്യമാക്കും . കെ വൈ സി നിബന്ധനകളില്‍ ഇളവ് വരുത്തും.
സുസ്ഥിര വികസനത്തിന് ആഭ്യന്തര, വിദേശനിക്ഷേപങ്ങള്‍ സഹായിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു. 2018-19ല്‍ 300 കിലോമീറ്റര്‍ മെട്രോ റെയിലിന് അനുമതി നല്കി. വളര്‍ച്ചയ്ക്ക് സ്വകാര്യമേഖലയുടെ പങ്ക് പ്രധാനമെന്നും ധനമന്ത്രി വ്യക്തമാക്കി. തൊഴിലില്ലായ്മ പരിഹരിക്കാന്‍ ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്ക് പ്രോല്‍സാഹനം നല്‍കും. അടിസ്ഥാന സൗകര്യമേഖലയിലും ഡിജിറ്റല്‍ രംഗത്തും നിക്ഷേപം വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.ഗ്രാമീണ മേഖലയിലെ ഗതാഗത സൗകര്യത്തിനായി ഭാരത് മാല, സാഗര്‍ മാല, ഉഡാന്‍ പദ്ധതികളില്‍ വിപുലമായ നിക്ഷേപം. റോഡ്, ജല, വായു ഗതാഗതമാര്‍ഗങ്ങള്‍ ലോകോത്തര നിലവാരത്തിലെത്തിക്കും. ഇന്‍ഷുറന്‍സ്, മാധ്യമം, വ്യോമയാന മേഖലകളില്‍ വിദേശനിക്ഷേപം കൂട്ടും. ബഹിരാകാശ മേഖലയില്‍ കമ്പനി വരും. വാണിജ്യ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് കമ്പനി വരും . റെയില്‍ വികസനത്തിന് പിപിപി മോഡല്‍ കൊണ്ടുവരും. റെയില്‍വികസനത്തിന് വന്‍വിഹിതം നല്‍കും. 2030 വരെ 50 ലക്ഷം കോടി ചെലവഴിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.