ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗക്കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ആരാച്ചാരായി തന്നെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത്. സിംല സ്വദേശിയായ രവികുമാര്‍ എന്നയാളാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തന്നെ തിഹാര്‍ ജയിലിലെ താത്കാലിക ആരാച്ചാരായി നിയമിച്ചാല്‍ നിര്‍ഭയ കേസിലെ പ്രതികളെ ഉടന്‍തന്നെ തൂക്കിക്കൊല്ലാമെന്നും കത്തില്‍പറയുന്നു.
ഒരു മാസത്തിനുള്ളില്‍ തന്നെ വധശിക്ഷ നടപ്പിലാക്കേണ്ടി വരുമെന്നാണ് ജയില്‍ അധികൃതരുടെ കണക്കുകൂട്ടല്‍. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുറ്റവാളികള്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നല്കിയ അപ്പീല്‍ തള്ളിയിരുന്നു. ഇനി രാഷ്ട്രപതിക്കു ഹര്‍ജി നല്‍കുക എന്ന മാര്‍ഗം മാത്രമാണു മുന്നിലുള്ളത്. എന്നാല്‍ പ്രതികളില്‍ വിനയ് ശര്‍മ്മ മാത്രമാണ് രാഷ്ട്രപതിക്കു ദയാഹര്‍ജി നല്കാന് തയ്യാറായത്. വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി തള്ളണമെന്നു ഡല്‍ഹി സര്‍ക്കാര്‍ ആഭ്യന്തര മന്ത്രാലയത്തോട് ശക്തമായി ശുപാര്‍ശ ചെയ്തിരുന്നു.